ചരിത്രം തിരുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ; വിസമ്മതിച്ച പുരാവസ്തു ശാസ്ത്രജ്ഞനെ സ്ഥലം മാറ്റി

ന്യൂഡല്‍ഹി: ചരിത്രം തിരുത്തിയെഴുതണമെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ആവശ്യം നിരസിച്ച പുരാവസ്തു ശാസ്ത്രജ്ഞനെ സ്ഥലം മാറ്റി. തമിഴ്‌നാട്ടിലെ കീഴടിയിലെ പുരാവസ്തു കേന്ദ്രത്തില്‍ പത്തുവര്‍ഷത്തില്‍ അധികം ഗവേഷണം നടത്തി തയ്യാറാക്കിയ റിപോര്‍ട്ട് തിരുത്താതിരുന്ന അമര്‍നാഥ് രാമകൃഷ്ണയെയാണ് സ്ഥലം മാറ്റിയത്. ആറ് മാസം മുമ്പ് ഇദ്ദേഹത്തെ അസമിലേക്ക് സ്ഥലം മാറ്റിയിരുന്നു. തമിഴ്‌നാട്ടിലെ റിപോര്‍ട്ട് തിരുത്തണമെന്ന ആവശ്യം അടുത്തിടെ അമര്‍നാഥ് രാമകൃഷ്ണ നിരസിച്ചിരുന്നു. ഇതേതുടര്‍ന്ന് നോയ്ഡയിലെ നാഷണല്‍ മിഷന്‍ ഓണ്‍ മോണ്യുമെന്റ്‌സ് ആന്‍ഡ് ആന്റിക്വിറ്റീസിലേക്കാണ് അമര്‍നാഥിനെ മാറ്റിയിരിക്കുന്നത്. ഈ ഓഫിസ് പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് പത്രം റിപോര്‍ട്ട് ചെയ്തു.
കീഴടിയിലെ ചരിത്രത്തെ മൂടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നു. ചരിത്രസത്യം പുറത്തുകൊണ്ടുവന്നതിന് അമര്‍നാഥ് രാമകൃഷ്ണ വേട്ടയാടുപ്പെടുകയാണെന്ന് സിപിഎം നേതാവും മധുരൈ എംപിയുമായ എസ് വെങ്കടേശന്‍ പറഞ്ഞു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ വിദ്യാര്‍ഥി സംഘടന ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
കീഴടിയില്‍ നടക്കുന്ന ഉദ്ഖനനത്തിലെ കണ്ടെത്തലുകള്‍ തിരുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തമിഴ് നാഗരികതയെ കുറിച്ച് കണ്ടെത്തിയ ശാസ്ത്രീയ സത്യങ്ങള്‍ പൂഴ്ത്തിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറയുന്നു. അന്താരാഷ്ട്ര ലബോറട്ടറികളില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ് ഫലങ്ങളും എഎംഎസ് ഫലങ്ങളും നല്‍കിയിട്ടും കൂടുതല്‍ തെളിവ് ചോദിക്കുകയാണ്. എന്നാല്‍, സരസ്വതി നാഗരികത എന്ന കെട്ടുകഥയുമായി ബിജെപി മുന്നോട്ടുപോവുകയാണ്. കീഴടിയില്‍ തെളിവ് കിട്ടാത്തതല്ല, മറിച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും തിരക്കഥയ്ക്ക് അനുസൃതമല്ലാത്ത തെളിവുകളാണ് പ്രശ്നം. നൂറ്റാണ്ടുകള്‍ പോരാടിയാണ് തമിഴ് ജനത ചരിത്രം സ്വന്തമാക്കിയത്. തമിഴ് ചരിത്രം തുടച്ചുനീക്കാന്‍ അവര്‍ ശ്രമിച്ചു. ഇപ്പോഴും ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.