കണ്ണൂര്‍: ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ ആറളത്ത് പ്രതിഷേധം തുടരുന്നു. മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിക്കുന്നത് റോഡില്‍ മരങ്ങളും കല്ലുകളും ഇട്ട് നാട്ടുകാര്‍ തടഞ്ഞു. ആംബുലന്‍സുകള്‍ തടഞ്ഞ നാട്ടുകാര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. മന്ത്രി എ കെ ശശീന്ദ്രന്‍ നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് ഉറപ്പുകള്‍ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്‍ പോലീസന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ആറളം പഞ്ചായത്ത് ഓഫീസില്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ വനംമന്ത്രി എ കെ ശശീന്ദ്രന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞു. കരിങ്കൊടി കാട്ടുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റിന് മുകളില്‍ കയറിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് മന്ത്രിക്ക് പഞ്ചായത്ത് ഓഫിസില്‍ എത്താന്‍ ആയത്.