മക്ക: മരുഭൂമിയെ പാല്‍ക്കടലാക്കി മാറ്റി തീര്‍ത്ഥാടകര്‍ ഒത്തുചേര്‍ന്ന അറഫ സംഗമം വിശ്വസാഹോദര്യത്തിന്റെ വിളംബരമായി. അനേകലക്ഷം വിശ്വാസികള്‍ അണിചേര്‍ന്ന അറഫയിലേക്ക് ലോകമൊന്നായി ചുരുങ്ങിയതുപോലെ! അല്ലാഹുവിന്റെ മഹത്വം വാഴ്ത്തിയും അവനോടു മാത്രമായ വിധേയത്വം പ്രഖ്യാപിച്ചും ഒരൊറ്റ മനസ്സും ശരീരവുമായി വിശ്വാസിലോകം പരന്നൊഴുകിയപ്പോള്‍ ഭൂമിയും വാനവും കോരിത്തരിച്ചു.
മുസ്‌ലിംകളുടെ ആഗോള സമ്മേളനമെന്ന് വിശേഷിപ്പിക്കാവുന്ന അറഫ സംഗമം ഹജ്ജിന്റെ സുപ്രധാന ഭാഗമാണ്. 18 ലക്ഷത്തോളം വരുന്ന വിശ്വാസികളാണ് മനം നിറയുന്ന ഭക്തിയും കരളുരുകുന്ന പ്രാര്‍ഥനകളുമായി ജബലുര്‍റഹ്മയുടെ താഴ്‌വരയില്‍ സമ്മേളിച്ചത്. ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ഠനാളങ്ങളില്‍നിന്നുയര്‍ന്ന ദൈവകീര്‍ത്തനങ്ങളും പ്രാര്‍ഥനാ വാക്യങ്ങളും കൊണ്ട് അറഫയും ജബലുര്‍റഹ്മയും പരിസര പ്രദേശങ്ങളും ഭക്തിപാരവശ്യത്തില്‍ അലിഞ്ഞുചേര്‍ന്നു.
പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ ഹജ്ജില്‍ നടത്തിയ പ്രസംഗത്തെ അനുസ്മരിച്ചുള്ള അറഫ പ്രഭാഷണം നിര്‍വഹിച്ചത് മക്കയിലെ മസ്ജിദുല്‍ ഹറമിലെ ഇമാം ഡോ. സ്വാലിഹ് ബിന്‍ ഹുമൈദായിരുന്നു. വിശ്വാസം പ്രഖ്യാപനങ്ങളിലൊതുങ്ങേണ്ടതല്ലെന്നും പ്രവൃത്തിപഥത്തില്‍ പ്രതിഫലിക്കേണ്ടതാണെന്നും അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ഇസ്രായേലിന്റെ അധിനിവേശത്തിനും വംശഹത്യക്കും യുദ്ധവെറിക്കും ഇരകളായ ഫലസ്തീനികള്‍ക്കു വേണ്ടിയുള്ള ഉള്ളുപൊള്ളുന്ന പ്രാര്‍ഥനയും പ്രഭാഷണത്തില്‍ ഇമാം നടത്തി. 35 ഭാഷകളിലായി അറഫ പ്രസംഗത്തിന്റെ മൊഴിമാറ്റം ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ ശ്രവിച്ചു. മലയാളത്തിലും പ്രഭാഷണത്തിന്റെ ഭാഷാന്തരം ഉണ്ടായിരുന്നു.
മക്കയുടെ വിവിധ വഴികളിലൂടെ സംഘങ്ങളായി ഒഴുകിയ തീര്‍ത്ഥാടകര്‍ ബുധനാഴ്ച രാത്രി തന്നെ അറഫയില്‍ എത്തിച്ചേര്‍ന്നിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് അറഫ പ്രസംഗത്തെ തുടര്‍ന്ന്
ളുഹ്ര്‍അസ്വര്‍ നമസ്‌കാരങ്ങള്‍ ജംഉം ഖസ്‌റുമാക്കി(രണ്ട് വീതം റകഅത്തുകളായി ചുരുക്കിയും കൂട്ടിച്ചേര്‍ത്തും)നിര്‍വഹിച്ച തീര്‍ത്ഥാടകര്‍ ഉച്ച മുതല്‍ സൂര്യാസ്തമയം വരെ അറഫയില്‍ നിലകൊണ്ടു.
സൂര്യാസ്തമയശേഷം മിനായിലേക്കുള്ള മടക്കയാത്രയില്‍ മുസ്ദലിഫയില്‍ തങ്ങിയ ഹാജിമാര്‍ അവിടെയാണ് ഇന്നലെ രാപാര്‍ത്തത്.
ഇന്ന് പുലര്‍ച്ചയോടെ തന്നെ ജംറയില്‍ പിശാചിനെതിരായ കല്ലേറ് എന്ന തിന്മക്കും പൈശാചികതയ്ക്കുമെതിരായ പ്രതീകാത്മക ചടങ്ങ് ആരംഭിച്ചു. ബലികര്‍മത്തോടെ ഹജ്ജില്‍നിന്ന് ഭാഗികമായി വിരമിക്കുന്ന ഹാജിമാര്‍ ഹജ്ജിന്റെ മറ്റു ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ്

