അറബിക്കടലില്‍ കപ്പല്‍ മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതിക-സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് സര്‍ക്കാരിന് നടപടിയെടുക്കാം. കേന്ദ്രസര്‍ക്കാരില്‍നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും.
അറുന്നൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ ഞായറാഴ്ചയാണ് പൂര്‍ണമായി മുങ്ങിയത്. കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണയുടെ അംശം കലര്‍ന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്.