ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് അറബ് ഉച്ചകോടി

Update: 2025-05-17 18:16 GMT

ബാഗ്ദാദ്: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും ഇറാഖിലെ ബാഗ്ദാദില്‍ നടന്ന 34ാമത് അറബ് ഉച്ചകോടി ആഹ്വാനം ചെയ്തു. സിറിയ, സുഡാന്‍, ലബ്‌നാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏകീകൃത സമീപനം വേണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

ഗസയ്ക്കും ലബ്‌നാനുമായി അറബ് ഐക്യദാര്‍ഢ്യ ഫണ്ട് രൂപീകരിച്ചതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാ അല്‍ സുഡാനി പറഞ്ഞു. ഇരു പ്രദേശങ്ങളുടെയും പുനര്‍നിര്‍മാണത്തിനായി 20 ദശലക്ഷം യുഎസ് ഡോളര്‍ വീതം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി അപലപിച്ചു. ഖത്തറുമായും യുഎസുമായും ചേര്‍ന്ന് ഗസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഗസയില്‍ ഇസ്രായേല്‍ ആക്രമണം നിര്‍ത്തിയാല്‍ പുനര്‍നിര്‍മാണത്തിനായ് അന്താരാഷ്ട്ര പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗസയിലെ യുദ്ധവും മാനുഷിക ദുരന്തവും അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ അബ്ദുള്‍ ഫത്താ ഹസ്സന്‍ ആവശ്യപ്പെട്ടു. അല്‍ ഖുദ്‌സിലെ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറിയയുടെ മേലുള്ള പാശ്ചാത്യ ഉപരോധങ്ങള്‍ നീങ്ങുന്നത് രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിലെ സുപ്രധാന ചുവടുവയ്പ്പാവുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനി ഊന്നിപ്പറഞ്ഞു. തെക്കന്‍ സിറിയയിലെ ഇസ്രായേലി അതിക്രമങ്ങള്‍ പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനെ കേന്ദ്രീകരിച്ച് അറബ് ഐക്യം ശക്തിപ്പെടുത്തണമെന്ന് അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി അഹമ്മദ് അത്താഫ് പറഞ്ഞു. ഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ ടുണീഷ്യ അപലപിച്ചു. സൊമാലിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഫലസ്തീന്‍ ലക്ഷ്യം അറബ് ഐക്യത്തിന്റെ കേന്ദ്രബിന്ദുവായി തുടരുകയാണെന്നും ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.