സൊമാലിലാന്‍ഡില്‍ ഇസ്രായേലികള്‍ എത്തിയാല്‍ ആക്രമണം നടത്തും: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
സന്‍ആ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും പിളര്‍ന്നുപോവാന്‍ ശ്രമിക്കുന്ന സൊമാലിലാന്‍ഡ് പ്രദേശത്ത് ഇസ്രായേലികള്‍ എത്തിയാല്‍ ആക്രമണം നടത്തുമെന്ന് യെമനിലെ അന്‍സാറുല്ല സംഘടനയുടെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. സൊമാലിലാന്‍ഡിന് ഇസ്രായേല്‍ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. '' സൊമാലി ലാന്‍ഡിലെ ഇസ്രായേലി സാന്നിധ്യത്തെ സൈനികലക്ഷ്യമായ് അന്‍സാറുല്ല കാണും. ഇസ്രായേലി നടപടി സൊമാലിയക്കും യെമനും എതിരായ നടപടിയാണ്. അത് പ്രദേശത്തെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ സൈനിക നടപടിയുണ്ടാവും.''- സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി വിശദീകരിച്ചു. സൊമാലിയ, പ്രദേശത്തെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍, യെമന്‍, ചെങ്കടല്‍ തീരത്തുള്ള രാജ്യങ്ങള്‍ എന്നിവയെയെല്ലാം ഇസ്രായേലി തീരുമാനം ബാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.സൊമാലിലാന്‍ഡിനെ അംഗീകരിച്ച ഇസ്രായേലി തീരുമാനത്തെ ആഫ്രിക്കന്‍ യൂണിയനും ഈജിപ്തും തുര്‍ക്കിയും ജിസിസിയും ഒഐസിയും എതിര്‍ത്തിട്ടുണ്ട്.