ലണ്ടന്‍: ഗസയില്‍ ഫലസ്തീനികളെ സഹായിക്കാനെന്ന വ്യാജേനെ ഇസ്രായേല്‍ നടത്തുന്ന ഭക്ഷ്യക്യാംപുകള്‍ക്ക് കാവല്‍ നില്‍ക്കുന്നതില്‍ യുഎസിലെ കുപ്രസിദ്ധരായ ഇന്‍ഫിഡല്‍സ് മോട്ടോര്‍സൈക്കിള്‍ ക്ലബ്ബിലെ അംഗങ്ങളുമുണ്ടെന്ന് റിപോര്‍ട്ട്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇസ്രായേല്‍ വംശഹത്യ നടത്തുന്ന ഗസയില്‍ സഹായം നല്‍കാനെന്ന പേരില്‍ യുഎസ് പിന്തുണയോടെ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിച്ചിരുന്നു. അതിന് കാവല്‍ നില്‍ക്കാന്‍ യുഎസിലെ യുജി സൊല്യൂഷന്‍ എന്ന യുഎസ് കമ്പനിയേയും ഏല്‍പ്പിച്ചു. ഈ കമ്പനി കൊണ്ടുവന്ന സായുധ ഗാര്‍ഡുമാരില്‍ ഇന്‍ഫിഡല്‍സ് മോട്ടോര്‍സൈക്കിള്‍ ക്ലബ്ബിലെ 10 അംഗങ്ങളുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ബിബിസി സ്ഥിരീകരിച്ചു.
ഇന്‍ഫിഡല്‍സ് മോട്ടോര്‍സൈക്കിള്‍ ക്ലബ്ബിലെ മുതിര്‍ന്ന ഏഴ് അംഗങ്ങളാണ് ഭക്ഷ്യ ക്യാംപുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ബിബിസിയിലെ റിപോര്‍ട്ട് പറയുന്നു.
ഇറാഖ് അധിനിവേശത്തില്‍ പങ്കെടുത്ത യുഎസ് സൈനികരാണ് 2006ല്‍ ഇന്‍ഫിഡെല്‍സ് എംസി സ്ഥാപിച്ചത്. സ്വയം കുരിശുയുദ്ധക്കാരായി കാണുന്നവരാണ് അവര്‍. പതിനൊന്നാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ക്കെതിരേ പോരാടുകയും അല്‍-ഖുദ്സ് ആക്രമിക്കുകയും ചെയ്ത മധ്യകാല ക്രിസ്ത്യാനികളെ പരാമര്‍ശിക്കുന്ന കുരിശുയുദ്ധ കുരിശാണ് അവര്‍ തങ്ങളുടെ ചിഹ്നമായി ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താറുള്ള അവര്‍ റമദാനില്‍ പന്നി ഇറച്ചിയും വിതരണം ചെയ്യുന്നു.
ഗസയില്‍ മാനുഷിക സഹായം എത്തിക്കുന്നതിന് ഇന്‍ഫിഡെല്‍സ് ബൈക്കര്‍ ക്ലബ്ബിനെ ചുമതലപ്പെടുത്തുന്നത് സുഡാനില്‍ സഹായം എത്തിക്കാന്‍ യുഎസിലെ വെള്ള വംശീയവാദികളായ ക്ലു ക്ലസ് ക്ലാനെ കൊണ്ടുവരുന്നതിന് തുല്യമാണെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എഡ്വേര്‍ഡ് അഹമ്മദ് മിച്ചല്‍ പറഞ്ഞു. ''അവരുടെ സാന്നിധ്യം തന്നെ അക്രമത്തിന് കാരണമാവും, ഗസയില്‍ കാണുന്നതും അതാണ്.''-അദ്ദേഹം പറഞ്ഞു.
ജോണി 'ടാസ്' മള്‍ഫോര്‍ഡ് എന്ന യുഎസ് മുന്‍ സര്‍ജന്റാണ് സംഘത്തിന്റെ നേതാവ്. കൈക്കൂലി, മോഷണം, ഗൂഢാലോചന എന്നിവ നടത്തിയതിന് യുഎസ് സൈന്യം ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. ഗസയില്‍ യുജി സൊല്യൂഷന്‍സിന്റെ കരാര്‍ നടത്തുന്ന 'കണ്‍ട്രി ടീം ലീഡര്‍' ആണ് അദ്ദേഹം ഇപ്പോള്‍ എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വിശദീകരണത്തിനായി ഇ-മെയില്‍ വഴി ബിബിസി റിപോര്‍ട്ടര്‍, സംഘത്തെ ബന്ധപ്പെട്ടു. അതിന് പിന്നാലെ ബിബിസിയില്‍ നിന്ന് ആരെങ്കിലും ബന്ധപ്പെട്ടാല്‍ മറുപടി നല്‍കരുതെന്ന നിര്‍ദേശം മള്‍ഫോര്‍ഡ് മറ്റ് എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് അയച്ചു. എന്നാല്‍, അതില്‍ ബിബിസിയുടെ ഇ-മെയില്‍ അഡ്രസും അബദ്ധവശാല്‍ ഉള്‍പ്പെട്ടു. അതിനാല്‍ സംഘത്തിലെ മറ്റു അംഗങ്ങളുടെ പേരുവിവരങ്ങളും ബിബിസി റിപോര്‍ട്ടര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ആ വിലാസങ്ങള്‍ പരിശോധിച്ചാണ് ഗസയിലുള്ള പത്തുപേരെ തിരിച്ചറിഞ്ഞത്.
ഇന്‍ഫിഡല്‍സ് എംസിയുടെ വൈസ് പ്രസിഡന്റായ ലാറി 'ജെ-റോഡ്' ജാരറ്റാണ് ഗസയില്‍ ലോജിസ്റ്റിക്‌സ് ചുമതല വഹിക്കുന്നത്. യുഎസ് ദേശീയ ട്രഷറര്‍ ബില്‍ 'സെന്റ്' സീബെ ഗസയിലെ ഒരു സെന്ററിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നു. സംഘത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ റിച്ചാര്‍ഡ് 'എ-ട്രാക്കര്‍' ലോഫ്റ്റണ്‍, മറ്റൊരു വിതരണ സൈറ്റിലെ ടീം ലീഡറാണ്.
രഹസ്യ രേഖകള്‍, ഓപ്പണ്‍ സോഴ്സ് വിവരങ്ങള്‍, മുന്‍ യുജിഎസ് കരാറുകാര്‍ തുടങ്ങിയവ ഗസയില്‍ ജോലി ചെയ്യാന്‍ നിയമിക്കപ്പെട്ട ആറ് ഇന്‍ഫിഡല്‍സ് ബൈക്കര്‍മാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ സഹായിച്ചതായി ബിബിസി റിപോര്‍ട്ട് പറയുന്നു. അതില്‍ മൂന്ന് പേര്‍ കമ്പനിയുടെ സായുധ സുരക്ഷാ ടീമുകളുടെ നേതാക്കളോ ഡെപ്യൂട്ടി നേതാക്കളോ ആണ്. ഗസയില്‍ യുജി സൊല്യൂഷന്‍സിന് വേണ്ടി ജോലി ചെയ്യുന്നവരില്‍ 40 പേരെങ്കിലും സംഘത്തിലെ അംഗങ്ങളാണ്. സംഘത്തിലെ ഒരു സാധാരണ അംഗത്തിന് ദിവസം ചെലവ് ഉള്‍പ്പെടെ 86,000 രൂപയും ടീം ലീഡര്‍മാര്‍ക്ക് 1,39,479 രൂപയും നല്‍കുന്നു.
ഗസയിലെ സംഘത്തിന്റെ ഒരു നേതാവായ ജോഷ് മില്ലര്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം 'ഗസയെ വീണ്ടും മഹത്തരമാക്കുക' എന്ന ബാനറുമായി ഒരു ചിത്രവും പ്രസിദ്ധീകരിച്ചു. ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ കണ്ടിട്ടുണ്ടെന്ന് നേരത്തെ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് വേണ്ടി ജോലി ചെയ്തിരുന്ന മുന്‍ യുഎസ് സൈനികന്‍ ആന്റണി അഗ്യുലര്‍ ജൂലൈയില്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ''എന്റെ മുഴുവന്‍ കരിയറിലും ഇസ്രായേലി സൈനികരും യുഎസ് കരാറുകാരും നടത്തുന്നത് പോലെയുള്ള ക്രൂരതകള്‍ കണ്ടിട്ടില്ല.''

