ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ മെഗാ സുംബയില്‍ പങ്കെടുക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിക്കണം

Update: 2025-04-29 15:28 GMT

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാംപയിന്റെ ഭാഗമായി നടത്തുന്ന വിദ്യാര്‍ഥികളുടെ മെഗാ സുംബയില്‍ പങ്കെടുക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിക്കണം. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മെഗാ സൂംബയ്ക്കാണ് മുഖ്യമന്ത്രിയുടെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് വിതരണം ചെയ്തത്. നോ ഡ്രഗ്‌സ് എന്നെഴുതിയ ചുവന്ന ടീഷര്‍ട്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കിയത്.

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെയും വിദ്യാര്‍ഥികളുടെ അക്കാദമികേതര കഴിവുകള്‍ പരിപോഷിക്കുന്നതിന്റെയും ഭാഗമായാണ് ആരോഗ്യ-കായിക വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ പരിപാടിയാണ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച വൈകുന്നേരം നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ 1500ഓളം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം ചെയ്യുക. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണിത്. സംഭവത്തിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാര്‍ഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു.