വര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി; വര്‍ഗീയ വിരുദ്ധസേന പ്രവര്‍ത്തനം ആരംഭിച്ചു

മംഗളൂരു: ദക്ഷിണകന്നഡ, ഉഡുപ്പി, ഷിമോഗ ജില്ലകളില്‍ മതസൗഹാര്‍ദ്ദം ഉറപ്പാക്കാനുള്ള പ്രത്യേക വര്‍ഗീയ വിരുദ്ധ സേന പ്രവര്‍ത്തനം ആരംഭിച്ചു. പോലിസ് കമ്മീഷണര്‍ ഓഫിസില്‍ ആഭ്യന്തര മന്ത്രി ജി പരമേശ്വരയാണ് സേനയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താന്‍ പ്രത്യേക സേന രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടകയെന്ന് മന്ത്രി പറഞ്ഞു.
''ഈ പ്രദേശത്ത് സമാധാനം സ്ഥാപിക്കുകയും സാമുദായിക ഐക്യം പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇവിടെ സമാധാനമുണ്ടായാല്‍ സംസ്ഥാനം മുഴുവന്‍ സമാധാനമുണ്ടാവും. അതിനാല്‍ മതപരമായ സംഘര്‍ഷങ്ങള്‍ ഇതോടെ അവസാനിക്കട്ടെ.''-അദ്ദേഹം പറഞ്ഞു.
വിദ്വേഷം പടരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുമെന്ന തിരിച്ചറിവാണ് പ്രത്യേക സേന സ്ഥാപിക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. നക്‌സല്‍ വിരുദ്ധ സേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥjാണ് പുതിയ സേനയിലുള്ളത്. സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താന്‍ അവര്‍ക്കുള്ള കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. വര്‍ഗീയ പ്രവര്‍ത്തനങ്ങളെ തടയാനുള്ള പരിശീലനവും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വിദ്വേഷ പ്രചാരകര്‍ക്കെതിരെ മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ഞങ്ങള്‍ പറഞ്ഞതൊന്നും അവര്‍ കേട്ടില്ല. അതിനാലാണ് ബലപ്രയോഗം വേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
248 പോലിസുകാര്‍ ഉള്‍പ്പെടുന്ന മൂന്നു പ്ലാറ്റൂണുകളാണ് സേനയില്‍ ഉള്ളതെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ നിയമിക്കുമെന്നും സംസ്ഥാന പോലിസ് മേധാവി ഡോ. എം എ സലീം പറഞ്ഞു.ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു, എംഎല്‍എമാരായ അശോക് കുമാര്‍ റായ്, മഞ്ജുനാഥ് ഭണ്ഡാരി, ഇവാന്‍ ഡിസൂസ, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് എസ് മുരുകന്‍, ജില്ലാ കലക്ടര്‍ മുല്ലൈ മുഹിലന്‍, എസ്പി ഡോ. അരുണ്‍ കുമാര്‍, ജില്ലാ പോലിസ് മേധാവി ഡോ. ആനന്ദ്, വിവിധ അക്കാദമി, കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍മാര്‍, മുന്‍ മന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പശ്ചിമ മേഖല ഐജിപി അമിത് സിംഗ് സ്വാഗതം പറഞ്ഞു. മംഗലാപുരം സിറ്റി പോലിസ് കമ്മീഷണര്‍ സുധീര്‍ റെഡ്ഡി നന്ദി പറഞ്ഞു.