കര്‍ണാടകത്തിലെ മറ്റു ജില്ലകളിലും വര്‍ഗീയ വിരുദ്ധ സേന രൂപീകരിക്കുന്നത് പരിഗണനയില്‍: ആഭ്യന്തര മന്ത്രി
ബംഗളൂരു: കര്‍ണാടകയിലെ രണ്ടു തീരദേശ ജില്ലകളിലെ വര്‍ഗീയവാദികളെ നേരിടാനുള്ള വര്‍ഗീയ വിരുദ്ധ സേന മറ്റു ജില്ലകളിലും രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര. വര്‍ഗീയ സ്വഭാവമുള്ള സദാചാര പോലിസിങ്ങിനെയും ഈ സേനയായിരിക്കും നേരിടുക. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായി പരമേശ്വര പറഞ്ഞു. അതെല്ലാം അവസാനിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വര്‍ഗീയ വിരുദ്ധ സേന രൂപീകരിക്കുന്നതില്‍ ഡിജിപിയുടെ റിപോര്‍ട്ട് തേടിയിട്ടുണ്ട്. ഡിജിപി ഒരു നിര്‍ദേശവും തന്നിട്ടുണ്ട്. രണ്ടു ജില്ലകള്‍ക്കായാണ് പ്രത്യേക സേന ആസൂത്രണം ചെയ്തതെങ്കിലും കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്താം. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും വര്‍ഗീയ വിരുദ്ധ സേനക്ക് നേതൃത്വം നല്‍കുകയെന്നും അദ്ദേഹം വിശദീകരിച്ചു.അതേസമയം, വര്‍ഗീയ വിരുദ്ധസേനക്കെതിരെ നേരത്തെ തന്നെ ബിജെപി രംഗത്തെത്തിയിരുന്നു. വര്‍ഗീയ വിരുദ്ധ സേന ഹിന്ദു വിരുദ്ധമാണെന്നാണ് ബിജെപിയുടെ നിലപാട്.