ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപണം; ഛത്തീസ്ഗഡില്‍ ഇന്ന് ബന്ദ്
റായ്പൂര്‍: ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതം മാറ്റുകയാണെന്നും ആദിവാസി വിശ്വാസങ്ങളെ ആക്രമിക്കുകയാണെന്നും ആരോപിച്ച് ഛത്തീസ്ഗഡില്‍ ഇന്ന് ബന്ദ്. ഛത്തീസ്ഗഡ് സര്‍വ് സമാജ് എന്ന കൂട്ടായ്മയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കാങ്കര്‍ ജില്ലയിലെ അമാബേദ പ്രദേശത്ത് കഴിഞ്ഞ ആഴ്ച സംഘര്‍ഷമുണ്ടായിരുന്നു. ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളുടെ പക്ഷം പിടിച്ചെന്നും കൂട്ടായ്മ ആരോപിക്കുന്നു. ഛത്തീസ്ഗഡ് ചേംബര്‍ ഓഫ് കൊമേഴ്‌സും ഛത്തീസ്ഗഡ് ജ്വല്ലറി അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ബന്ദുമായി സഹകരിക്കുമെന്ന് ഇവരെല്ലാം പ്രഖ്യാപിച്ചു.
അടുത്തകാലത്തായി മതം മാറ്റം വര്‍ധിച്ചുവരുന്നതായി ഛത്തീസ്ഗഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി അജയ് ഭാസിന്‍ ആരോപിച്ചു. പ്രത്യേക ലക്ഷ്യത്തിനായി മിഷണറിമാര്‍ ഹിന്ദു സമുദായത്തെ തുണ്ടുതുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സനാതന മതത്തെയും സാമൂഹിക ഐക്യത്തെയും സംരക്ഷിക്കാനാണ് ബന്ദെന്ന് സര്‍വ് സമാജ് പ്രതിനിധികള്‍ പറഞ്ഞു. സര്‍വ് സമാജ് പ്രതിനിധികളുമായി എഎസ്പി സുഖാനന്ദന്‍ റാത്തോഡ്, ലൈന്‍ ഡിഎസ്പി ചന്ദ്രപ്രകാശ് തിവാരി, ദുര്‍ഗ് എഡിഎം അഭിഷേക് അഗര്‍വാള്‍, ഭിലായ് എസ്ഡിഎം ഹിതേഷ് പിസ്ദ തുടങ്ങിയവരും സംസാരിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ഛത്തീസ്ഗഢില്‍ നടക്കുന്ന ബന്ദ് നിര്‍ത്തിവെക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍സ് ഫോറം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കി.
