പെന്‍സല്‍വേനിയ: നിയമവിരുദ്ധമായി യുഎസില്‍ എത്തിയെന്ന് ആരോപിച്ച് തടങ്കല്‍പ്പാളയത്തില്‍ അടച്ച ഇമാം മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ നിന്നുള്ള ഫവാദ് സഈദ് അബ്ദുല്‍ഖാദിറാ(46)ണ് മരിച്ചത്. പെന്‍സല്‍വേനിയയിലെ മോഷന്നോന്‍ വാലി പ്രൊസസിങ് സെന്റര്‍ എന്ന സ്വകാര്യ തടങ്കല്‍പ്പാളയത്തില്‍ ഡിസംബര്‍ പതിനാലിനാണ് മരണം സംഭവിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, തടങ്കല്‍പ്പാളയത്തിലെ രണ്ടാം മരണമാണ് ഇതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. '' ഇമാം ഫവാദിന്റെ മരണം ഒറ്റപ്പെട്ട ദുരന്തമല്ല. ആളുകളെ ലാഭത്തിന് വേണ്ടി പൂട്ടിയിടുന്ന സംവിധാനത്തിന്റെ ഫലമാണ് മരണം.''-സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ ഏഴുമാസമായി ഇമാം ഫവാദിനെ അധികൃതര്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികെയാണ് മരണം. 1979ല്‍ സൗദിയില്‍ ജനിച്ച ഫവാദിന്റെ മാതാപിതാക്കള്‍ എറിത്രിയക്കാരാണ്. 2018 മുതല്‍ അദ്ദേഹം യുഎസിലാണ് താമസിച്ചിരുന്നത്. വടക്കുകിഴക്കന്‍ യുഎസിലെ ഏറ്റവും വലിയ തടങ്കല്‍പ്പാളയമാണ് മോഷന്നോന്‍ വാലി പ്രൊസസിങ് സെന്റര്‍. ഫ്‌ളോറിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഇഒ എന്ന കമ്പനിയാണ് ഈ തടങ്കല്‍പ്പാളയം നടത്തുന്നത്. ചാവോഫെങ് എന്ന ചൈനക്കാരന്‍ ആഗസ്റ്റില്‍ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. കാമറൂണ്‍കാരനായ ഫ്രാങ്ക്‌ലിന്‍ ഒക്പു 2023 ഡിസംബറില്‍ മരിച്ചു.
