''രാഹുലിനോട് ചാറ്റ് ചെയ്തത് ആരെന്ന് അറിയാം'' ബിജെപി അംഗം അവന്തികക്കെതിരേ സുഹൃത്ത് അന്ന രാജു

Update: 2025-08-26 13:25 GMT

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി അംഗമായ 'ട്രാന്‍സ് യുവതി' അവന്തികക്കെതിരേ സുഹൃത്ത് അന്ന രാജു. ബിജെപി നേതാക്കളുമായി ഗൂഡാലോചന നടത്തിയാണ് അവന്തിക രാഹുലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് സംശയിക്കുന്നതായി അന്ന രാജു പറഞ്ഞു. രാഹുല്‍ മൂന്നു വര്‍ഷം മുമ്പ് മോശമായി ചാറ്റ് ചെയ്തുവെന്നാണ് അവന്തിക അവകാശപ്പെടുന്നത്. അക്കാലത്ത് താനും അവന്തികയും ഒരുവീട്ടിലാണ് താമസിച്ചിരുന്നത്. രാഹുല്‍ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും താന്‍ അവന്തികക്കൊപ്പം ഉണ്ടായിരുന്നുവെന്നും അന്ന രാജു വെളിപ്പെടുത്തി.

'' ആരാണ് ചാറ്റ് ചെയ്തു തുടങ്ങിയതെന്ന് എനിക്കറിയാം. അവന്തികയോട് രാഹുല്‍ മോശമായി പെരുമാറിയിട്ടില്ല. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനു രാഹുലില്‍നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. രാഹുലും അവന്തികയും സുഹൃത്തുക്കളായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് പേടിയായിരുന്നുവെന്ന് അവര്‍ പറയുന്നത് കള്ളമാണ്. ആലുവ പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഞാനും അവന്തികയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്നേ പ്രതികരിക്കാമായിരുന്നു''-അന്ന രാജു പറഞ്ഞു. ആരോപണം ഉന്നയിക്കാന്‍ രാഹുല്‍ എംഎല്‍എയാകുന്നത് വരെ അവന്തിക കാത്തിരുന്നത് എന്തിനാണെന്നും ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി കൂടിയായ അന്ന രാജു ചോദിച്ചു.