ആന്‍ഡ്രുവിന്റെ പ്രിന്‍സ് പദവി നീക്കം ചെയ്ത് ചാള്‍സ് രാജാവ്

Update: 2025-10-31 02:13 GMT

ലണ്ടന്‍: ആന്‍ഡ്രുവിന്റെ 'പ്രിന്‍സ്' പദവി നീക്കംചെയ്ത് ചാള്‍സ് രാജാവ്. ഇനി മുതല്‍ അദ്ദേഹം ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍- വിന്‍ഡ്‌സര്‍ എന്നറിയപ്പെടുമെന്ന് രാജകുടുംബം പ്രഖ്യാപിച്ചു. ലൈംഗിക കുറ്റവാളിയെന്ന് അറിയപ്പെടുന്ന യുഎസ് ജ്യൂതനായ ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ആന്‍ഡ്രുവിന്റെ ബന്ധം വെളിപ്പെട്ടതാണ് നടപടിക്ക് കാരണം. വിന്‍ഡ്സര്‍ കൊട്ടാരത്തിന് സമീപത്തെ വീട്ടില്‍ നിന്ന് ആന്‍്രഡ്രൂവിനെ പുറത്താക്കി. ചാള്‍സിന്റെ ഇളയ സഹോദരനും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമാണ് അറുപത്തിയഞ്ചുകാരനായ ആന്‍ഡ്രൂ. തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രു നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം അറിയിച്ചു. ആരോപണങ്ങളെല്ലാം തള്ളിയ ആന്‍ഡ്രു നേരത്തെ ചാള്‍സ് രാജാവുമായി ചര്‍ച്ച നടത്തിയതിനുശേഷം രാജകീയ പദവികള്‍ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അന്ന് രാജകുമാരന്‍ എന്ന പദവി നിലനിര്‍ത്തിയിരുന്നു. ഇതുകൂടി റദ്ദാക്കുന്നതാണ് ചാള്‍സ് രാജാവിന്റെ നടപടി.

ആസ്‌ത്രേലിയക്കാരിയായ വിര്‍ജീനിയ ജെഫ്രി എന്ന സ്ത്രീയുടെ മരണാനന്തരം പുറത്തിറങ്ങിയ 'നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്' എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലാണ് ആന്‍ഡ്രൂവിനെ കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. തനിക്ക് 18 വയസാവുന്നതിന് മുമ്പ് ആന്‍ഡ്രൂ തന്നെ മൂന്നു തവണ പീഡിപ്പിച്ചെന്നാണ് പുസ്തകം ആരോപിക്കുന്നത്.