ബന്ധുക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ കൊന്ന് വെട്ടിനുറുക്കി കനാലില്‍ എറിഞ്ഞ് മാതാവ്

Update: 2025-02-16 01:35 GMT

അമരാവതി: ബന്ധക്കാരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്ത മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മാതാവ്. പ്രകാശം ജില്ലയിലെ കമ്പം സ്വദേശിയായ കെ ശ്യാം പ്രസാദാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മാതാവ് കെ ലക്ഷ്മി ദേവി(57)ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കൊല നടന്നതെന്ന് പോലിസ് അറിയിച്ചു. കൊലയ്ക്കു ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് മൂന്നു ചാക്കുകളിലാക്കി നാകലകണ്ടി കനാലില്‍ തള്ളി. മൃതദേഹഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

അവിവാഹിതനായ പ്രസാദിന്റെ സ്വഭാവവും പെരുമാറ്റവും അങ്ങേയറ്റം വൈകൃതം നിറഞ്ഞതായിരുന്നുവെന്നും സഹോദരന്റെ ഭാര്യയ്ക്ക് പുറമെ കുടുംബത്തിലെ മറ്റ് സ്ത്രീകളോടും പെണ്‍കുട്ടികളോടും മകന്‍ മോശമായി പെരുമാറിയെന്ന് അറിഞ്ഞതും ദേവിയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്ന് ബംഗളൂരുവിലും മറ്റുമുള്ള ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് മകനെ കൊല്ലുന്ന തീരുമാനം ലക്ഷ്മി ദേവി എടുത്തത്. പക്ഷേ, ദേവിയെ കണ്ടെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല. കൊലപാതകം ചെയ്യാന്‍ ഇവരെ ബന്ധുക്കള്‍ സഹായിച്ചിട്ടുണ്ടെന്നാണ് പോലിസ് ഊഹിക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഒളിവില്‍ ഇരുത്താന്‍ നിരവധി പേരുണ്ടാവുമെന്നാണ് പോലിസ് കരുതുന്നത്.