ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി ഭര്‍ത്താവിനെ ബോധം കെടുത്തി ശ്വാസംമുട്ടിച്ചു കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍
അമരാവതി: ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി ഭര്‍ത്താവിനെ ബോധരഹിതനാക്കി ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ ചിലുവുരു ഗ്രാമത്തിലെ ലോകം ശിവനാഗരാജുവാണ് കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമാണെന്നാണ് ആദ്യം വിലയിരുത്തിയതെങ്കിലും ഫോറന്‍സിക് പരിശോധനാ ഫലമാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ ലോകം ശിവനാഗരാജുവിന്റെ ഭാര്യ ലക്ഷ്മി മാധുരി, കാമുകന്‍ ഗോപി എന്നിവരെ അറസ്റ്റ് ചെയ്തു. ലക്ഷ്മിയും ഗോപിയും തമ്മില്‍ കുറെക്കാലമായി അവിഹിതബന്ധമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം ലക്ഷ്മി ബിരിയാണി തയ്യാറാക്കി അതില്‍ ഉറക്കഗുളിക കലര്‍ത്തി. ഭക്ഷണശേഷം ലോകം ശിവനാഗരാജു ഗാഢനിദ്രയിലായി. അപ്പോള്‍ ഗോപിയും വീട്ടിലെത്തി. ഇരുവരും തലയിണ ഉപയോഗിച്ച് ലോകം ശിവനാഗരാജുവിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. അതിന് ശേഷം മൃതദേഹത്തിന് സമീപം ഇരുന്ന് അശ്ലീല വീഡിയോകളും കണ്ടു. ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ലക്ഷ്മി എല്ലാവരോടും പറഞ്ഞത്. പക്ഷേ, മൃതദേഹത്തില്‍ രക്തക്കറ കണ്ടത് ചില സംശയങ്ങളുണ്ടാക്കി. ഇത് പോലിസില്‍ പരാതി നല്‍കാന്‍ കാരണമായി. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതക വിവരം അറിയുന്നത്. ഉടന്‍ പ്രതികളെ പിടികൂടി. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.