ആന്ധ്രയിലെ 30,000 ഏക്കര്‍ വഖ്ഫ് ഭൂമി പാട്ടത്തിന് നല്‍കാനുള്ള വിജ്ഞാപനം റദ്ദാക്കി; പുതിയ നിയമപ്രകാരം ഭൂമി തട്ടിയെടുക്കാന്‍ ശ്രമമെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി

Update: 2025-04-11 15:11 GMT

അമരാവതി: 30,000 ഏക്കര്‍ വഖ്ഫ് ഭൂമി വാണിജ്യ ആവശ്യത്തിന് പാട്ടത്തിന് കൊടുക്കാനുള്ള വഖ്ഫ് ബോര്‍ഡിന്റെ വിജ്ഞാപനം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശ പ്രകാരാണ് ന്യൂനമപക്ഷ ക്ഷേമ വകുപ്പിന്റെ നടപടി. ഒന്നു മുതല്‍ 200 ഏക്കര്‍ വരെയുള്ള പ്ലോട്ടുകളായി വഖ്ഫ് ഭൂമി പാട്ടത്തിന് നല്‍കുമെന്നാണ് ഏപ്രില്‍ മൂന്നിന് വഖ്ഫ് ബോര്‍ഡ് വിജ്ഞാപനം ഇറക്കിയത്. പെട്രോള്‍ പമ്പുകളും ഷോപ്പിങ് കോംപ്ലക്‌സുകളും തീയറ്ററുകളും നിര്‍മിക്കാന്‍ ഈ ഭൂമി ഉപയോഗിക്കാമെന്നും വഖ്ഫ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. മേയ് എട്ടുവരെ ഭൂമിക്കായി അപേക്ഷ നല്‍കാമെന്നായിരുന്നു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. വഖ്ഫ് ഭൂമിയില്‍ നിന്നും വരുമാനമുണ്ടാക്കാനാണ് നടപടിയെന്നാണ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശെയ്ഖ് അബ്ദുല്‍ അസീസ് പറഞ്ഞത്. എന്നാല്‍, മുസ്‌ലിം സമുദായത്തിലെ ചില വിഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ എതിര്‍പ്പുണ്ടായി.

വഖ്ഫ് ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യാന്‍ വഖ്ഫ് ബോര്‍ഡിന് അവകാശമില്ലെന്ന് ഗുണ്ടൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എയും മുസ്‌ലിം നേതാവുമായ ഷെയ്ഖ് മസ്താന്‍ വാലി പറഞ്ഞു. വഖ്ഫ് നിയമം പാസാക്കിയതിന് ശേഷം വഖ്ഫ് സ്വത്തുക്കള്‍ ചൂഷണം ചെയ്യാനുള്ള നീക്കമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു എന്നു റിപോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ അംഗീകാരം തേടുകയോ ചെയ്യാതെയാണ് വഖ്ഫ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കിയതത്രെ. മുസ്‌ലിംകളുടെ വികസനത്തിനും ക്ഷേമത്തിനും മാത്രമേ അത്തരം ഭൂമികള്‍ ഉപയോഗിക്കാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതായും റിപോര്‍ട്ടിലുണ്ട്. ആന്ധ്രാ വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള 69,000 ഏക്കര്‍ ഭൂമിയില്‍ 36,000 ഏക്കറും നിലവില്‍ തന്നെ അന്യാധീനപ്പെട്ടിരിക്കുകയാണ്.