കൊച്ചി: മൂവാറ്റുപുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത പകുതിവില തട്ടിപ്പ് കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും. ഇയാള്‍ക്ക് പുറമേ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും. സ്‌കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്നാണ് അനന്തുവിനെ സ്‌കൂട്ടര്‍ വിതരണത്തിന് ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്. അനന്തുകൃഷ്ണന്റെ കൊച്ചിയിലെ അശോക ഫഌറ്റില്‍നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. എറണാകുളത്തെ ഒരു വില്ലയില്‍നിന്നും ഇവരുടെ ഓഫീസില്‍നിന്നുമാണ് ഈ രേഖകള്‍ കണ്ടെടുത്തത്.
അതേസമയം, നിരവധിപേരില്‍നിന്ന് പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയ കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്ക് സീഡ് സൊസൈറ്റിയുടെ ഓഫീസില്‍ പോലിസ് പരിശോധന നടത്തി. ബില്ലുകള്‍, രസീതുകള്‍, മുദ്രക്കടലാസുകള്‍, സീലുകള്‍, നോട്ടീസുകള്‍, അപേക്ഷാഫോമുകള്‍ തുടങ്ങിയവ കണ്ടെടുത്തു. തട്ടിപ്പില്‍ ജില്ലാ പ്രമോട്ടറെയടക്കം പ്രതിയാക്കി ശ്രീകണ്ഠപുരം പോലിസും കേസെടുത്തിട്ടുണ്ട്. ജില്ലാ പ്രമോട്ടര്‍ മയ്യില്‍ കണ്ടക്കൈയിലെ രാജാമണി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേയാണ് കേസെടുത്തത്. രാജാമണിക്ക് പുറമേ അനന്തു കൃഷ്ണന്‍, കെ എന്‍ സ്വപ്‌ന, സരോജിനി, വന്ദന, സുവര്‍ണ എന്നിവരാണ് മറ്റ് പ്രതികള്‍.
തട്ടിപ്പില്‍ ശനിയാഴ്ച്ച മാത്രം 21 പരാതികളാണ് വയനാട്ടിലെ ബത്തേരി പോലിസിന് ലഭിച്ചത്. ഇതോടെ ബത്തേരിയിലെ പരാതികളുടെ എണ്ണം 181 ആയി. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനില്‍ മാത്രം 2.72 കോടിയുടെ തട്ടിപ്പിന്റെ പരാതികളാണ് വന്നത്. 160 പേരാണ് പരാതിക്കാര്‍. ജില്ലയില്‍ 3,211 സ്‌കൂട്ടര്‍, 1,466 ലാപ്‌ടോപ്പ്, 731 വീട്ടുപകരണങ്ങള്‍, 36 ഫോണ്‍ എന്നിവ നല്‍കാനുണ്ട്.
