കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ പരമോന്നത മേധാവിയായ മുല്ല ഹിബത്തുല്ല അഖുന്ദ്‌സദ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. കാണ്ഡഹാറില്‍ മൂന്നുദിവസമായി നടന്ന സെമിനാറിലാണ് അദ്ദേഹം എത്തിയത്. വിദ്യാഭ്യാസ മന്ത്രിയും മറ്റു പ്രമുഖ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
നന്മയുടെ അനിവാര്യ സ്രോതസ്സുകളായി പണ്ഡിതരും വിദ്യാഭ്യാസമുള്ളവരും മാറണമെന്ന് അദ്ദേഹം ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശ്രേഷ്ഠ പ്രവാചകന്മാര്‍ കാണിച്ച ഭക്തി, സ്വഭാവം, ധാര്‍മ്മികത എന്നിവ ഉള്‍ക്കൊള്ളാന്‍ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. പ്രവാചകന്മാര്‍ അവരുടെ സമൂഹങ്ങളെ നയിച്ച അതേ രീതിയില്‍ പണ്ഡിതന്മാര്‍ ജനങ്ങളെ നയിക്കണം. ജനങ്ങള്‍ക്ക് മാതൃകയാക്കാന്‍ വിധം ദൈനംദിന ജീവിതത്തില്‍ ഈ ഗുണങ്ങള്‍ പിന്തുടരണം. അശ്രദ്ധയ്ക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അശ്രദ്ധ മാരകമായ രോഗമാണെന്നും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അലംഭാവത്തിലേക്ക് വീഴാതിരിക്കാന്‍ കടമകളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താലിബാനോടും വിദ്യാര്‍ഥികളോടും അനുകമ്പ കാണിക്കാന്‍ അദ്ദേഹം വിദ്യാഭ്യാസ ഉദ്യോഗസ്ഥരോടും അധ്യാപകരോടും ആഹ്വാനം ചെയ്തു.