അമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്

യുഎസില്‍ ആരു ഭരിച്ചാലും അവര്‍ ഇസ്രായേലിന്റെ അധിനിവേശത്തിന് ഒപ്പമാണ്.

Update: 2024-11-05 11:33 GMT

കെയ്‌റോ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഗസയെ ബാധിക്കില്ലെന്ന് ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ഉസാമ ഹംദാന്‍. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അത് ഹമാസിനെയോ ഫലസ്തീന്‍ ജനതയേയോ ബാധിക്കുന്ന വിഷയമല്ല. യുഎസില്‍ ആരു ഭരിച്ചാലും അവര്‍ ഇസ്രായേലിന്റെ അധിനിവേശത്തിന് ഒപ്പമാണ്. എന്നാല്‍, ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനും വംശഹത്യകള്‍ക്കുമെതിരേ അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് അവര്‍ക്ക് ചെവി നല്‍കാവുന്നതാണെന്നും ഉസാമ ഹംദാന്‍ പറഞ്ഞു.

ഗസ മുനമ്പിലെ ഭരണവുമായി ബന്ധപ്പെട്ട് ഈജിപ്തിലെ കയ്‌റോയില്‍ ഹമാസും ഫതഹ് പാര്‍ട്ടിയും തമ്മില്‍ അടുത്തിടെ നടന്ന ചര്‍ച്ചകള്‍ പോസിറ്റീവ് ആയിരുന്നുവെന്നും ഉസാമ ഹംദാന്‍ പറഞ്ഞു. ഫലസ്തീന്‍ ദേശീയത നേരിടുന്ന നിര്‍ണായകമായ വിഷയങ്ങള്‍ ഫതഹുമായി ചര്‍ച്ച ചെയ്തു. ഗസയിലെയും വെസ്റ്റ്ബാങ്കിലെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യോജിച്ച നീക്കങ്ങള്‍ക്ക് ധാരണയായി.

ഗസക്കെതിരായ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കാന്‍ ദേശീയ, പ്രാദേശിക, അന്താരാഷ്ട്ര ശക്തികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഗസയില്‍ നിന്ന് ഇസ്രായേലി സൈന്യം പിന്‍മാറണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നുമാണ് ഹമാസിന്റെ നിലപാട്. തൂഫാനുല്‍ അഖ്‌സയില്‍ അറസ്റ്റ് ചെയ്ത ജൂതന്‍മാര്‍ കൊല്ലപ്പെടുന്നതിന്റെ പ്രധാനകാരണം ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടുകളാണ്. ഭൂരിഭാഗം ബന്ദികളും കൊല്ലപ്പെട്ടത് ഇസ്രായേലി സൈനികനടപടികളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസയെ അനാഥമാക്കുന്ന നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ഫതഹ് കേന്ദ്രകമ്മിറ്റി അംഗം അബ്ബാസ് സാക്കിയും അറിയിച്ചു. ഹമാസുമായുള്ള ചര്‍ച്ചകള്‍ വിജയമായിരുന്നു. ഫതഹ്, ഹമാസ്, ഫലസ്തീനിയന്‍ ഇസ് ലാമിക് ജിഹാദ് തുടങ്ങിയ കക്ഷികളെല്ലാം ഇനി ഒരു യൂണിറ്റായി പ്രവര്‍ത്തിക്കും. വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള പദ്ധതികള്‍ ശക്തമായി നടപ്പാക്കുകയാണ്. അവര്‍ക്ക് ഉപയോഗിക്കാന്‍ 500 സ്‌നൈപ്പര്‍ തോക്കുകള്‍ സൈന്യം നല്‍കിയിട്ടുണ്ടെന്നും അബ്ബാസ് സാക്കി ചൂണ്ടിക്കാട്ടി.

Tags: