കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ കൃത്യത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനായി നടന്നത് വന്‍ ആസൂത്രണമാണെന്നും പ്രതികള്‍ രണ്ട് കാറുകളിലായാണ് എത്തിയതെന്നും പോലിസ് പറയുന്നു. ഇന്നലെ പട്ടാപ്പകല്‍ കരുനാഗപ്പള്ളിയില്‍ നടുറോഡില്‍വച്ചാണ് ക്രൂരകൊലപാതകം അരങ്ങേറിയത്.
സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത് മുതല്‍ അതുലിന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി രണ്ട് കാറുകള്‍ ഉണ്ടായിരുന്നു. ഇന്നോവ കാറില്‍ പിന്‍തുടര്‍ന്നു. അതുല്‍ പോയ വാഹനം ഇന്നോവ കൊണ്ട് ഇടിച്ചിട്ടായിരുന്നു ആക്രമണമെന്ന് പോലിസ് പറയുന്നു. കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പോലിസ് അറിയിച്ചു. കോട്ടയം പോലിസ് പിടിച്ച പ്രതികളെ കൊല്ലം പോലിസിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ വ്യക്തമാക്കി.
ജിം-സന്തോഷ് വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ കാര്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂര്‍ - വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്. അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറില്‍ പിന്‍ തുടര്‍ന്നു. അതുലിന്റെ കാര്‍ നിയന്ത്രണം വിട്ട് നിര്‍മ്മാണം നടക്കുന്ന റോഡില്‍ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. നാലംഗ സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെയും മനുവിനെയും ആക്രമിച്ചു.
ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുല്‍. അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും കടത്തൂര്‍ സംഘത്തില്‍പ്പെട്ട രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അലുവ അതുലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ജയിലിന് പുറത്തിറങ്ങുന്ന അലുവ അതുലിന് വധഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
