സിറിയയെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ്

Update: 2025-11-11 07:22 GMT

വാഷിങ്ടണ്‍: സിറിയയെ സഹായിക്കാന്‍ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സിറിയന്‍ സര്‍ക്കാരിന് മേലെ മുമ്പ് അടിച്ചേല്‍പ്പിച്ച എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്ന് അല്‍ ഷറ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ആറ് മാസം മുമ്പ് സൗദിയിലെ റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലും അല്‍ ഷറ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസും യൂറോപ്യന്‍ യൂണിയനും സിറിയക്കെതിരായ നിരവധി ഉപരോധങ്ങള്‍ പിന്‍വലിച്ചു. ഇന്നലെ യുഎസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് ട്രംപ് മാധ്യമങ്ങളെ കണ്ടു. അഹമദ് അല്‍ ഷറയുടെ അല്‍ ഖ്വയ്ദ ചരിത്രത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ ട്രംപിനോട് ചോദിച്ചത്. നമുക്കെല്ലാം കടുത്ത ചരിത്രമില്ലേയെന്നാണ് ട്രംപ് ഇതിന് മറുപടി നല്‍കിയത്.

2024 ഡിസംബറിലാണ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള വിമത സൈന്യം സിറിയയില്‍ അധികാരം പിടിച്ചത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ അല്‍ ഷറ വിജയിക്കുകയും ചെയ്തു. മുന്‍ ഭരണാധികാരിയായ ബശാറുല്‍ അസദും കുടുംബവും നിലവില്‍ റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.