ഇസ്രായേലിലെ എല്ലാ മേഖലകളും തകര്‍ന്നെന്ന് യെദിയോത്ത് അഹറണോത്ത്; നെതന്യാഹുവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കണമെന്ന് മാരീവ് പത്രം

Update: 2025-09-16 05:49 GMT

തെല്‍അവീവ്: ഇസ്രായേല്‍ ആഗോളതലത്തില്‍ ഒറ്റപ്പെടുകയാണെന്നും ഇനി മുതല്‍ സ്വന്തം വിഭവങ്ങളെ ആശ്രയിച്ച് മാത്രം ജീവിക്കേണ്ടി വരുമെന്നുമുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന ജൂതന്‍മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ജൂതരാഷ്ട്രം നിലവില്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ഹീബ്രു മാധ്യമമായ യെദിയോത്ത് അഹറണോത്തില്‍ സാമ്പത്തിക കാര്യ വിദഗ്ദനായ ഇറ്റാമര്‍ ഐഷ്‌നര്‍ എഴുതിയ ലേഖനം പറയുന്നു. നയതന്ത്ര തലത്തില്‍ മാത്രമല്ല ഇസ്രായേല്‍ ഒറ്റപ്പെട്ടതെന്നും സമ്പദ് വ്യവസ്ഥ, സംസ്‌കാരം, ശാസ്ത്രം, വിദ്യാഭ്യാസം, കായികരംഗം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലേക്കും പ്രതിസന്ധി അതിവേഗം വ്യാപിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഗസയില്‍ വെടിനിര്‍ത്തിയാലും അത് തുടരുമെന്ന് ഇറ്റാമര്‍ ഐഷ്‌നര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

നിലവില്‍ ഇസ്രായേല്‍ വിഷകരമായ ബ്രാന്‍ഡായി മാറിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലിനോടുള്ള എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിക്കുന്ന സാഹചര്യമാണുള്ളത്. അതിനാല്‍, തന്നെ ഇസ്രായേലി പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ തങ്ങളുടെ രാജ്യത്ത് എത്താമെന്ന നയം പല യൂറോപ്യന്‍ രാജ്യങ്ങളും അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്. ഗസയിലെ വംശഹത്യയില്‍ പങ്കെടുത്തവരും യുദ്ധക്കുറ്റങ്ങള്‍ നടത്തിയവരും രാജ്യത്ത് വരരുതെന്ന നിലപാട് ഇപ്പോള്‍ തന്നെ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അതിന് വളം വയ്ക്കുന്നതായും ഇറ്റാമര്‍ ആരോപിക്കുന്നു.

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുനര്‍നിര്‍മാണത്തിന് വിദേശരാജ്യങ്ങളിലെ വിദഗ്ദര്‍ സഹകരിക്കുന്നില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിമാര്‍ പറയുന്നത്.

പല വിദേശസര്‍വകലാശാലകളും ഇസ്രായേലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം മരവിപ്പിക്കുകയും കോണ്‍ഫറന്‍സുകളിലേക്ക് ക്ഷണിക്കാതെയും ഇരിക്കുകയാണ്. സിനിമാ മേഖലയില്‍ ഇസ്രായേലുമായി സഹകരിക്കരുതെന്ന് 4,000 സിനിമാനിര്‍മാതാക്കള്‍ പ്രസ്താവന ഇറക്കുകയും ചെയ്തു. അന്താരാഷ്ട്ര സംഗീത പരിപാടികളില്‍ ഇപ്പോള്‍ ഇസ്രായേലി ബാന്‍ഡുകള്‍ക്ക് ക്ഷണമില്ല.

അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ നിന്ന് ഇസ്രായേല്‍ അപ്രത്യക്ഷമായതായും ഇറ്റാമര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം തുടരുകയാണെങ്കില്‍ വിനോദസഞ്ചാരികളുടെ മനസില്‍ നിന്നും ഇസ്രായേല്‍ മാഞ്ഞുപോവും. ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ലോകത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫില്‍ നിന്നും അപ്രത്യക്ഷമാവുകയാണ്. യൂറോപിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഇസ്രായേലി മാങ്ങകള്‍ അപ്രത്യക്ഷമായി. അത് ജൂതകര്‍ഷകരെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. ഇസ്രായേലി ഫാക്ടറികള്‍ക്ക് ഇപ്പോള്‍ തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ എത്തുന്നില്ല.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും ഇസ്രായേലിനെ വിലക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകം മുഴുവന്‍ നടക്കുകയാണ്. സൈക്കിളിങ് മല്‍സരത്തില്‍ ഇസ്രായേലി ടീമിനെ ഉള്‍പ്പെടുത്തുന്നതിനെതിരേ സ്‌പെയ്‌നില്‍ വലിയ പ്രക്ഷോഭം നടന്നു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ വിലക്കിയ പോലെ ഇസ്രായേലിനെ ഒളിമ്പിക്‌സില്‍ നിന്നും പുറത്താക്കാന്‍ സാധ്യതയുണ്ടെന്നും ഇറ്റാമര്‍ വിലപിക്കുന്നു.

യൂറോവിഷന്‍ സംഗീത മല്‍സരത്തില്‍ ഇസ്രായേലിന്റെ പങ്കെടുപ്പിക്കണമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന വിഷയം. ഇസ്രായേല്‍ മല്‍സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ബഹിഷ്‌കരിക്കുമെന്നാണ് നെതര്‍ലാന്‍ഡും അയര്‍ലാന്‍ഡും പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം പതാകയില്ലാതെ മല്‍സരത്തില്‍ പങ്കെടുപ്പിക്കുമോയെന്നാണ് ഇസ്രായേല്‍ ചോദിച്ചിരിക്കുന്നത്. നിലവില്‍ യുഎസിന്റെ പിന്തുണയോടെയാണ് ഇസ്രായേല്‍ പിടിച്ചുനില്‍ക്കുന്നത്. പക്ഷേ, യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയില്ലാതെ മുന്നോട്ടുപോവാനാവില്ലെന്നാണ് ഇറ്റാമര്‍ പറയുന്നത്.

അതേസമയം, ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന ബീര്‍ഷെബയിലെ സോറോക്ക മെഡിക്കല്‍ സെന്റര്‍ മൂന്നുമാസമായിട്ടും പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞില്ലെന്ന് ടൈംസ് ഓഫ് ഇസ്രായേലിലെ റിപോര്‍ട്ടും പറയുന്നുണ്ട്. സൈനിക കേന്ദ്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്നതിനാലാണ് ഈ സെന്ററില്‍ മിസൈല്‍ പതിച്ചത്.


ഇസ്രായേലിനെ സ്വയം പര്യാപ്തമാക്കണമെന്ന പ്രസ്താവന നടത്തിയ നെതന്യാഹുവിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നാണ് മാരീവ് പത്രത്തിലെ ലേഖനത്തില്‍ ബെന്‍ കാസ്പിറ്റ് എഴുതിയത്. മുസ്‌ലിംകള്‍ യൂറോപ്പ് പിടിച്ചതാണ് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് യൂറോപ് അംഗീകാരം നല്‍കാന്‍ കാരണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ ലേഖനം വിമര്‍ശിക്കുന്നു. ഒരുതരത്തിലുമുള്ള കുടിയേറ്റമില്ലാത്ത 112 രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കാന്‍ കാരണമെന്താണെന്ന് ലേഖനം ചോദിക്കുന്നു. നെതന്യാഹുവിന്റെ നയം പിന്തുടര്‍ന്നാല്‍ ഇസ്രായേലിലെ പ്രകൃതി വാതകം അടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ 20 വര്‍ഷം കൊണ്ട് അവസാനിക്കും. അതോടെ സ്വയം പര്യാപ്തതയും ഇല്ലാതാവും. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം ഇസ്രായേലിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ചു. അത് ഫലസ്തീനികളുടെയും ആഗോള സമൂഹത്തിന്റെയും മനസാക്ഷിയെ ഉണര്‍ത്തിയതാണ് പ്രശ്‌നമെന്നും ബെന്‍ കാസ്പിറ്റ് എഴുതുന്നു.