റഫേല്‍ യുദ്ധവിമാനങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ച വിദ്യാര്‍ഥി നേതാവിനെതിരെ കേസ്
ലഖ്‌നോ: റഫേല്‍ യുദ്ധവിമാനങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച വിദ്യാര്‍ഥി നേതാവിനെതിരേ കേസെടുത്തു. അലഹബാദ് സര്‍വ്വകലാശാലയിലെ ഐസ സംഘടനയുടെ നേതാവായ മനീഷ് കുമാറിനെതിരെയാണ് ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തത്. യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ഒന്നിലധികം റഫേല്‍ ജെറ്റുകള്‍ നഷ്ടപ്പെട്ടുവെന്ന റിപോര്‍ട്ടുകള്‍ മോദി സര്‍ക്കാര്‍ ഇതുവരെ നിഷേധിക്കാത്തത് എന്തുകൊണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മനീഷ് ചോദിച്ചിരുന്നു.. സുതാര്യതയും വ്യക്തതയും എന്തുകൊണ്ട് ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചു. ഈ പോസ്റ്റിലാണ് കേസെടുത്തത്.
കേസെടുത്തതിനെ ഐസ അപലപിച്ചു. '' മനീഷിനെതിരായ കേസ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പെഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം എതിരഭിപ്രായമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടക്കുന്നുണ്ട്. ജമ്മുകശ്മീരില്‍ മാത്രം 3000ത്തില്‍ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 'പാകിസ്താന്‍ അനുകൂല' പോസ്റ്റുകള്‍ എന്ന് പറഞ്ഞ് അസമില്‍ 42 പേരെ ജയിലില്‍ അടച്ചതായും റിപോര്‍ട്ടുണ്ട്. യുപിയില്‍ 30 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം വിദ്യാര്‍ഥികളും കലാകാരന്‍മാരും വേട്ടയാടപ്പെടുകയാണ്. ഇത്, ജനാധിപത്യമല്ല, ഭയാധിപത്യമാണ്''-പ്രസ്താവന പറയുന്നു