ഉത്തര്‍പ്രദേശിലെ 558 എയ്ഡഡ് മദ്‌റസകള്‍ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഉത്തര്‍പ്രദേശിലെ 558 എയ്ഡഡ് മദ്‌റസകള്‍ക്കെതിരേ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആരംഭിച്ച അന്വേഷണം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മദ്‌റസകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് മുഹമ്മദ് തല്‍ഹ അന്‍സാരി എന്നയാള്‍ നല്‍കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇക്കാര്യം അന്വേഷിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് മദ്‌റസകള്‍ ഹൈക്കോടതിയെ സമീപിച്ചു.
അധികാര പരിധിയില്‍ പെടാത്ത കാര്യങ്ങളിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതെന്നും അതിനാല്‍ സര്‍ക്കാര്‍ ഉത്തരവും നിയമവിരുദ്ധമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. മുഹമ്മദ് തല്‍ഹ അന്‍സാരിയുടെ പരാതിയില്‍ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് ആരോപിക്കുന്ന തീയ്യതികള്‍ പരാമര്‍ശിക്കുന്നില്ലെന്നും ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അധികാരമില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 36(2) വകുപ്പ് പ്രകാരമാണ് ഈ വാദമെന്നും മദ്‌റസകള്‍ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന് ഒരു വിഷയത്തില്‍ സ്വമേധയാ കേസെടുക്കാമെന്നും ഇരക്ക് കേസ് കൊടുക്കാമെന്നും കോടതി നിര്‍ദേശ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാമെന്നുമാണ് നിയമത്തിലെ 12-എ വകുപ്പ് പറയുന്നതെന്നും മദ്‌റസകള്‍ ചൂണ്ടിക്കാട്ടി. അതായത്, മുഹമ്മദ് തല്‍ഹത്ത് അന്‍സാരി എന്ന വ്യക്തിയുടെ പരാതിക്ക് നിലനില്‍പ്പില്ലെന്നാണ് മദ്‌റസകള്‍ ചൂണ്ടിക്കാട്ടിയത്. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് അന്വേഷണം സ്റ്റേ ചെയ്തത്. ഹരജികളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനും നോട്ടിസ് അയച്ചു. കേസ് നവംബര്‍ 17ന് വീണ്ടും പരിഗണിക്കും.