ക്രിസ്തു മതത്തിലേക്ക് മാറിയവര്‍ക്ക് എസ്.സി സംവരണം നല്‍കരുതെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംവരണം നല്‍കരുതെന്ന് അലഹബാദ് ഹൈക്കോടതി. പരിവര്‍ത്തിതര്‍ക്ക് സംവരണം നല്‍കുന്നത് സംവരണം സംബന്ധിച്ച ഭരണഘടനാപരമായ തത്വങ്ങള്‍ക്ക് എതിരാണെന്ന് ജസ്റ്റിസുമാരായ പ്രവീണ്‍ കുമാര്‍ ഗിരി പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കിടയില്‍ ജാതിപരമായ വിവേചനം നിലനില്‍ക്കുന്നില്ലെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സുപ്രിംകോടതി നിര്‍ദേശ പ്രകാരമുള്ള സംവരണം പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് ബാധകമല്ലെന്നും ഹൈക്കോടതി പറഞ്ഞു.
ക്രിസ്തു മത പ്രചാരണത്തിന്റെ ഭാഗമായി ഹിന്ദു മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ജിതേന്ദ്ര സഹാനി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. താന്‍ ക്രിസ്തു മത പ്രചാരണമാണ് നടത്തിയതെന്നും തനിക്ക് അതിന് അവകാശമുണ്ടെന്നും സഹാനി വാദിച്ചു. എന്നാല്‍, കേസ് റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു. സഹാനി ക്രിസ്തു മതത്തിലേക്ക് മാറിയ ആളായിട്ടും രേഖകളില്‍ ഹിന്ദുവായി തുടരുകയാണെന്നാണ് ഹൈക്കോടതി പറഞ്ഞു. അതിനാല്‍ ഇത്തരക്കാര്‍ക്ക് സംവരണം പാടില്ലെന്നും കോടതി നിലപാട് പറഞ്ഞു.