നിയമവിരുദ്ധമായി വീട് പൊളിച്ചു: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 20 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹെക്കോടതി

Update: 2025-12-27 15:48 GMT

അലഹബാദ്: നിയമവിരുദ്ധമായി വീട് പൊളിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് 20 ലക്ഷം രൂപ പിഴയിട്ട് അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ ലംഘിച്ചാണ് വീട് പൊളിച്ചതെന്ന് ജസ്റ്റിസ് അലോക് മാഥൂര്‍ പറഞ്ഞു. 2025 മാര്‍ച്ച് 24നാണ് ഭരണകൂടം സന്ത്ദീന്‍ എന്നയാളുടെ വീട് പൊളിച്ചത്. പിന്നാലെ റെവന്യു രേഖകളില്‍ തിരുത്തലുകള്‍ വരുത്തി. ഈ നടപടികളെ ചോദ്യം ചെയ്ത് സന്ത്ദീന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിര്‍മാണങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് തന്റെ വീട് അധികൃതര്‍ പൊളിച്ചതെന്ന് അദ്ദേഹം വാദിച്ചു. തന്റെ പക്ഷം കേള്‍ക്കാതെയാണ് അധികൃതര്‍ വീട് ബുള്‍ഡോസ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തി വിശദീകരണം തേടി. സര്‍ക്കാര്‍ രേഖകളും വിളിച്ചുവരുത്തി പരിശോധിച്ചു. വിശദമായ പരിശോധനക്ക് ശേഷമാണ് അധികൃതര്‍ നിയമം ലംഘിച്ചതായി കോടതി കണ്ടെത്തിയത്. വീട് ഇല്ലാതായതിന് സന്ത്ദീപിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭൂമിയുടെ രേഖകള്‍ അയാളുടേ പേരിലാക്കി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

'ഇത് നിയമവാഴ്ചയുടെ വെറും ലംഘനമല്ല, മറിച്ച് ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ പോലും ശിക്ഷയില്ലാതെ ലംഘിച്ചിരിക്കുന്നു. ഉയര്‍ന്ന റെവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ച് വ്യക്തമായ അവബോധമില്ല. വിവിധ കോടതികളുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അവര്‍ അജ്ഞരാണ്. വേഗത്തിലും ഗുണനിലവാരത്തിലും നീതി നടപ്പാക്കാന്‍ ബാധ്യസ്ഥരായ റെവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.''-കോടതി പറഞ്ഞു.