മഥുര ശാഹീ ഈദ്ഗാഹ് മസ്ജിദിനെ തര്‍ക്ക വസ്തുവായി വിശേഷിപ്പിക്കണമെന്ന ആവശ്യം തള്ളി

Update: 2025-07-04 12:35 GMT
മഥുര ശാഹീ ഈദ്ഗാഹ് മസ്ജിദിനെ തര്‍ക്ക വസ്തുവായി വിശേഷിപ്പിക്കണമെന്ന ആവശ്യം തള്ളി

അലഹബാദ്: ഉത്തര്‍പ്രദേശിലെ മഥുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദിനെ തര്‍ക്ക വസ്തുവായി വിശേഷിപ്പിക്കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. കേസിലെ നിലവിലെ സ്‌റ്റേജില്‍ ഇത്തരമൊരു ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര വാക്കാല്‍ പറഞ്ഞു. മസ്ജിദിനെ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരിക്കുന്ന മഹേന്ദ്ര പ്രതാപ് സിങ് എന്നയാളാണ് ഈ ആവശ്യം ഉന്നയിച്ച് പുതിയ അപേക്ഷ നല്‍കിയിരുന്നത്. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മസ്ജിദുള്ളതെന്നാണ് ഹരജിക്കാരന്റെയും മറ്റു പതിനെട്ടു പേരുടെയും വാദം.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് മസ്ജിദ് നിര്‍മിച്ചുവെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കുന്നത്. തര്‍ക്കം വ്യാപകമായതോടെ 1968ല്‍ ക്ഷേത്ര പരിപാലന സമിതി എന്ന സംഘടനയും മസ്ജിദ് ട്രസ്റ്റും കരാറില്‍ ഒപ്പിട്ടു. ഇരുകൂട്ടര്‍ക്കും മസ്ജിദ് ഉപയോഗിക്കാമെന്നായിരുന്നു ധാരണ. ഈ കരാറും വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടു. വിവിധ കോടതികളിലുണ്ടായിരുന്ന കേസുകളെല്ലാം ഒരുമിച്ച് കേള്‍ക്കാമെന്ന് 2023ല്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെ മസ്ജിദ് കമ്മിറ്റിയും ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡും സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തു.മസ്ജിദില്‍ സര്‍വേ നടത്താന്‍ 2023 ഡിസംബറില്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, സുപ്രിംകോടതി ഇത് സ്‌റ്റേ ചെയ്തു. ഈ സ്‌റ്റേ തുടരുകയാണ്.

Similar News