അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2024 നവംബര്‍ 24ന് മസ്ജിദില്‍ നടന്ന ഹിന്ദുത്വ സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മാര്‍ച്ച് 23നാണ് അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തത്. സംഭല്‍ സംഘര്‍ഷം അന്വേഷിക്കാന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് മൊറാദാബാദ് ജയിലില്‍ അടച്ചു.
നവംബര്‍ 24ന് അഞ്ച് മുസ്‌ലിം യുവാക്കളെയാണ് പോലിസ് വെടിവച്ചു കൊന്നിരുന്നത്. പോലിസ് അതിക്രമങ്ങളെ കുറിച്ച് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഡിഐജിയും എസ്പിയും ജില്ലാ മജിസ്‌ട്രേറ്റും വെടിവയ്പ്പിന് ഗൂഡാലോചന നടത്തുന്നത് കണ്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പോലിസുകാര്‍ നാടന്‍ തോക്ക് ഉപയോഗിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് ശേഷമാണ് എഫ്‌ഐആറില്‍ പേരില്ലാഞ്ഞിട്ടും അദ്ദേഹത്തെ കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ചത്.