സംഘപരിവാര്‍ ഇന്ത്യയെ മതങ്ങളില്ലാത്ത ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്നു: അലിയാര്‍ അല്‍ ഖാസിമി

Update: 2025-01-24 16:54 GMT

പറവൂര്‍: നിരവധി മതങ്ങള്‍ക്ക് ജന്മം നല്‍കിയ ഇന്ത്യയെ അവയുടെ ശവപ്പറമ്പാക്കാന്‍ ശ്രമിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് അലിയാര്‍ അല്‍ ഖാസിമി. ഹൈന്ദവര്‍ ഉള്‍പ്പെടെയുള്ളവരുടെ മതേതര ബോധമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ''മുനമ്പം വഖ്ഫ് ഭൂമി 404.76 ഏക്കര്‍ സത്യവും മിഥ്യയും'' എന്ന വിഷയത്തില്‍ പറവൂര്‍ മുനിസിപ്പല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വഖ്ഫ് ഭൂമി കൈയ്യേറാന്‍ ശ്രമിക്കുന്നവരും അതിനു ഒത്താശ ചെയ്യുന്നവരും ഈ നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. മതങ്ങളുടെ തകര്‍ച്ചയിലൂടെ ഇന്ത്യയുടെ ചൈതന്യത്തെ പറിച്ചെറിയാന്‍ ശ്രമിക്കുന്നവരെ മതേതര വിശ്വാസികളുടെ സംഘാടനം മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാഷിസത്തിന്റെ കരങ്ങളില്‍ കുടുങ്ങിയ ഉത്തരേന്ത്യ കേരളത്തെപോലുള്ള മതേതര സംസ്‌കാരമുള്ള നാട് വേണമെന്ന് ആവശ്യപ്പെടുകയാണെന്ന് കേരളവും അറബ് സംസ്‌കാരവും തമ്മിലുള്ള ചരിത്രബന്ധത്തെ ഓര്‍മ്മപ്പെടുത്തി എഴുത്തുകാരന്‍ പി എ പ്രേം ബാബു പറഞ്ഞു. മുനമ്പം വിഷയത്തില്‍ ശക്തമായ നിയമ പോരാട്ടം നടത്തുന്ന പട്ടാളം സലാം സാഹിബിനെയും സുന്നജാന്‍ സാഹിബിനെയും ചടങ്ങില്‍ ആദരിച്ചു.

വഖ്ഫ് സംരക്ഷണ സമിതി രക്ഷാധികാരി സുലൈമാന്‍ മൗലവി മാഞ്ഞാലി, ഡോ. ഹാഫിസ് ജുനൈദ് ജവ്ഹരി അല്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു. വഖ്ഫ് സംരക്ഷണ വേദി ചെയര്‍മാന്‍ ഷാജഹാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമീര്‍ അല്‍ഹസനി ഖിറാഅത്ത് നടത്തി. പ്രോഗ്രാം കണ്‍വീനര്‍ വി എം ഫൈസല്‍ സ്വാഗതവും പറഞ്ഞു. ഇല്യാസ് മാഞ്ഞാലി ചടങ്ങില്‍ നന്ദിയും പറഞ്ഞു.