സാമ്പത്തികമായി സ്വതന്ത്രയായ ജീവിതപങ്കാളിക്ക് ജീവനാംശം നല്‍കാന്‍ കഴിയില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: സാമ്പത്തികമായി സ്വതന്ത്രയായ ജീവിതപങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യക്തികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനോ സമ്പുഷ്ടമാക്കുന്നതിനോ ഉള്ള ഉപകരണമായല്ല, മറിച്ച് സാമൂഹിക നീതിക്ക് വേണ്ടിയാണ് സ്ഥിരം ജീവനാംശം നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രര്‍പാല്‍, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജീവനാംശം തേടുന്ന വ്യക്തി സാമ്പത്തിക സഹായത്തിന്റെ യഥാര്‍ത്ഥ ആവശ്യം തെളിയിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്ന് കോടതി ഊന്നിപ്പറഞ്ഞു.
അഭിഭാഷകനായ ഒരാളും റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ യുവതിയും തമ്മിലുള്ള വിവാഹമോചന കേസാണ് കോടതി പരിഗണിച്ചത്. 2010ല്‍ വിവാഹിതരായ ഇരുവരും 14 മാസം മാത്രമാണ് ബന്ധത്തില്‍ തുടര്‍ന്നത്. ഭാര്യയുടെ ക്രൂരത സഹിക്കാനാവാതെ ഭര്‍ത്താവാണ് വിവാഹമോചനത്തിന് ഹരജി നല്‍കിയത്. എന്നാല്‍, 50 ലക്ഷം രൂപ വേണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്. എന്നാല്‍, കുടുംബകോടതി അത് അനുവദിച്ചില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.