''കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു; അന്ന് കുളത്തില്‍ മുക്കിക്കൊന്നു''-അലക്‌സാണ്ടര്‍ ജേക്കബ്
തിരുവനന്തപുരം: രാജശാസന ധിക്കരിച്ചതിന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മന്ത്രിയായിരുന്നു മുന്‍ ജന്മത്തില്‍ താനെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്. യൂട്യൂബ് ചാനലിലാണ് അലക്‌സാണ്ടര്‍ ജേക്കബ് മനസിലുള്ള കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അമ്പലപ്പുഴ രാജാവായിരുന്ന രാമേന്ദ്രനെ ധിക്കരിച്ചതിനെ തുടര്‍ന്ന് ആദ്യജന്മത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കുളത്തില്‍ മുക്കിയാണ് കൊന്നത്.
ഭൃഗുമുനി എന്നയാള്‍ എഴുതിയ ഭൃഗുസംഹിതയില്‍ തന്റെ പൂര്‍വ്വകാലവും വരുംകാലവും എഴുതിവെച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായിരിക്കെയാണ് ശ്രീധര പണിക്കര്‍ എന്നയാള്‍ ഭൃഗുസംഹിത വഴി ഭാവി പ്രവചിച്ചതത്രെ.
പൂര്‍വജന്മത്തില്‍ താനുമായി പ്രേമത്തിലായിരുന്ന സ്ത്രീ, തന്നെ കുളത്തില്‍ മുക്കിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തിരുന്നു എന്നും ജ്യോതിഷി പറഞ്ഞിരുന്നു. ആ സ്ത്രീ ഈ ജന്മത്തിലും ഭാര്യയാകും. കൊല്ലം രാജ്യത്ത് പോയി അങ്ങ് ആ സ്ത്രീയെ വിവാഹം കഴിക്കണമെന്നും പ്രകാശത്തിന്റെ പേരായിരിക്കും അവള്‍ക്ക് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. തന്റെ ഭാര്യ എലിസബത്തിന്റെ വീട് കൊല്ലത്താണ്. കുടുംബങ്ങള്‍ ഇടപെട്ട് നടത്തിയ വിവാഹത്തിന് ശേഷമാണ് ഭാര്യയെ വീട്ടില്‍ വിളിക്കുന്ന പേര് പ്രഭയാണെന്ന് തിരിച്ചറിഞ്ഞതെന്നും എന്നും അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.
പഠനം മികച്ചതാക്കാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ വൃത്താകൃതിയിലുള്ള ഹോസ്റ്റല്‍ കെട്ടിടം ഉള്‍പ്പെടെ പൊളിച്ച് മാറ്റി കിഴക്കോട്ട് ദര്‍ശനം ഉറപ്പാക്കിയെന്ന അലക്സാണ്ടര്‍ ജേക്കബിന്റെ പരാമര്‍ശം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ചവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു സംഭവമേ നടന്നില്ലെന്നാണ് യൂണിവേഴ്‌സിറ്റി അറിയിച്ചത്.
