ആലപ്പുഴയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹതയെന്ന് പോലിസ്
ആലപ്പുഴ: മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഇവര്‍ മാത്രമാണ് താമസിച്ചിരുന്നത്. വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പോലിസ് പറഞ്ഞു. കുടുംബത്തില്‍ സ്വത്തുതര്‍ക്കവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനിന്നിരുന്നു എന്നതാണ് സംശയത്തിന് കാരണം.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മകന്‍ വിജയന്‍, രാഘവനെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ രാഘവന്റെ കൈ ഒടിയുകയും ചെയ്തു. ഇതേതുടര്‍ന്ന് രാഘവന്‍ പോലിസില്‍ പരാതി നല്‍കി. ഇന്ന് സ്റ്റേഷനില്‍ എത്തണമെന്ന് വിജയന് പോലിസ് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്നലെ രാത്രിയിലും വിജയന്‍ വീട്ടില്‍ എത്തിയിരുന്നതായി പോലിസ് സംശയിക്കുന്നുണ്ട്.