ലബ്‌നാനില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം; അല്‍ ഖസ്സം ബ്രിഗേഡ് കമാന്‍ഡര്‍ രക്തസാക്ഷിയായി

Update: 2025-02-17 16:22 GMT

ബെയ്‌റൂത്ത്: ലബ്‌നാനിലെ സൈദ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ ഖസ്സം ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് ഷാഹിന്‍ രക്തസാക്ഷിയായി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. സയണിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മുഹമ്മദ് ഷാഹിന്‍ രക്തസാക്ഷിയായതായി അല്‍ അഖ്‌സ ടിവിയും സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ലബ്‌നാന്‍ സൈന്യം പ്രദേശത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു.

ഫെബ്രുവരി 18ന് ഇസ്രായേല്‍ സൈന്യം ലബ്‌നാനില്‍ നിന്നും പൂര്‍ണമായും പിന്‍മാറണമെന്ന വ്യവസ്ഥ പാലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം ആവശ്യപ്പെട്ടു. തെക്കല്‍ ലബ്‌നാനിലെ വിവിധപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഇപ്പോഴും വീടുകള്‍ തകര്‍ക്കുകയും ഒലീവ് തോട്ടങ്ങള്‍ക്ക് തീയിടുകയും ചെയ്യുന്നുണ്ട്. ക്ഫാര്‍ ചൗബ പ്രദേശത്ത് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒലീവ് തോട്ടങ്ങള്‍ നശിപ്പിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ കഴിഞ്ഞ ദിവസം കൊടുത്തിയ ഖദീജ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കൊണ്ടുപോവാന്‍ ഹൗള നഗരത്തിലേക്ക് പോയ ലബ്‌നാന്‍ സൈന്യത്തെയും റെഡ് ക്രോസ് വളണ്ടിയര്‍മാരെയും സയണിസ്റ്റ് സൈന്യം തടഞ്ഞു.