ഗസയില്‍ 'നരകത്തിന്റെ കവാടം' ഓപ്പറേഷന്‍ നടത്തി ഹമാസ് (വീഡിയോ)

Update: 2025-05-08 02:49 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ നടത്തിയ സൈനിക നടപടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. തുരങ്ക യുദ്ധമുറയും തൊട്ടടുത്തു നിന്നുള്ള ആക്രമണരീതിയും ഏകോപിപ്പിച്ച് റഫയില്‍ നടത്തിയ 'നരകത്തിന്റെ കവാടം' ഓപ്പറേഷന്റെ ദൃശ്യമാണ് അല്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടിരിക്കുന്നത്.

റഫയിലെ എല്ലാ തെരുവുകളിലും 'നരകത്തിന്റെ കവാടം' ഓപ്പറേഷന്‍ നടത്താന്‍ നേതൃത്വം അനുമതി നല്‍കിയിട്ടുണ്ടെന്ന് അല്‍ ഖസ്സാം ബ്രിഗേഡിന്റെ ഫീല്‍ഡ് കമാന്‍ഡര്‍ പറയുന്നുണ്ട്. ഇസ്രായേലി സൈന്യത്തിന്റെ സ്വഭാവം മൗറാഖ് പ്രദേശത്തുവച്ചു പരിശോധിച്ചെന്നും അതിന് ശേഷമാണ് ആക്രമണസ്ഥലം തിരഞ്ഞെടുത്തതെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. അല്‍ സഹ്‌റ പള്ളിക്ക് സമീപമാണ് മേയ് മൂന്നിന് ഈ ആക്രമണം നടന്നിരിക്കുന്നത്. ആദ്യഘട്ട വെടിവയ്പ്പ് കഴിഞ്ഞ ശേഷം അല്‍ ഖസ്സാം പ്രവര്‍ത്തകര്‍ ടണലിലേക്ക് പിന്‍വലിഞ്ഞു. ഇത് പരിശോധിക്കാന്‍ ഇസ്രായേലി സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗവും പരിക്കേറ്റവരെ കൊണ്ടുപോവാന്‍ കൂടുതല്‍ സൈനികരും എത്തിയപ്പോഴാണ് രണ്ടാം ഘട്ടം നടക്കുന്നത്. ഇസ്രായേലി ഡ്രോണും നായ്ക്കളും എത്തുന്നുണ്ട്. ഈ ആക്രമണത്തില്‍ ഇസ്രായേലി സൈന്യത്തിലെ ഉദ്യോഗസ്ഥരായ നോം റാഫിദും യെഹിയേലി സരോരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണമുണ്ട്. പിന്നീട് ഒരു ടാങ്കിനെയും ഇസ്രായേലി സൈനിക ബുള്‍ഡോസറിനെയും ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.