സന്‍ആ: ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഗസയ്ക്കുള്ള സഹായം തുടരുമെന്ന് യെമനിലെ അന്‍സാറുല്ല സര്‍ക്കാരിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ യൂസുഫ് അല്‍ മദാനി. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡിന്റെ ജനറല്‍ സ്റ്റാഫിന് അയച്ച കത്തിലാണ് അല്‍ മദാനി ഇക്കാര്യം അറിയിച്ചത്. എന്തുവില നല്‍കിയും ഫലസ്തീനൊപ്പം നില്‍ക്കുമെന്ന് കത്ത് പറയുന്നു. അറബിക്കടലിലും ചെങ്കടലിലും ഇസ്രായേലി കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം വെടിനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇസ്രായേല്‍ കരാര്‍ ലംഘിച്ചാല്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും കത്തില്‍ അല്‍ മദാനി ഉറപ്പുനല്‍കി.
ഗസയ്ക്ക് പിന്തുണ നല്‍കിയതിന് യെമനില്‍ ഇസ്രായേല്‍ കനത്ത ആക്രമണങ്ങളാണ് നടത്തിയിരുന്നത്. സന്‍ആ കേന്ദ്രമായ സര്‍ക്കാരിലെ പ്രധാനമന്ത്രിയടക്കം നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അല്‍ ഗമാരിയും കൊല്ലപ്പെട്ടു. മുഹമ്മദ് അല്‍ ഗമാരിക്ക് ശേഷമാണ് അല്‍ മദാനി പദവിയില്‍ എത്തിയത്.