വംശഹത്യക്കിടയില്‍ ചര്‍ച്ച തുടരുന്നതില്‍ അര്‍ഥമില്ല: ഹമാസ്

Update: 2025-07-28 05:01 GMT

ഗസ സിറ്റി: ഗസയില്‍ വംശഹത്യക്കിടയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ. എല്ലാം തകര്‍ന്നപ്പോഴും ഫലസ്തീനികള്‍ അന്തസോടെ നിലനിന്നുവെന്ന് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ലോകം നിശബ്ദതയുടെയും ചതിയുടെയും ഇരുട്ടിലേക്ക് വീണപ്പോഴും നിങ്ങള്‍ അന്തസോടെ നിന്നു. ത്യാഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയില്‍ നിങ്ങള്‍ ഞങ്ങളോട് കാണിക്കുന്ന വിശ്വാസത്തെ അവഗണിക്കില്ല. ഫലസ്തീനികളെയും അവരുടെ ദുരിതങ്ങളെയും രക്തത്തെയും വിലപേശാന്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ല.

ഇസ്രായേലിന്റെ ഗിഡിയന്‍ രഥങ്ങള്‍ ഓപ്പറേഷനെ അല്‍ ഖസ്സം ബ്രിഗേഡിന്റെയും അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെയും ദാവൂദിന്റെ കല്ലുകള്‍ ഓപ്പറേഷന്‍ പരാജയപ്പെടുത്തി. ഗസയില്‍ നിന്നും പിന്‍മാറണമെന്നാണ് ഇസ്രായേലി സൈനിക മേധാവി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള എല്ലാതരം ബന്ധങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അയല്‍ രാജ്യങ്ങളിലെ ജനങ്ങള്‍ കരമാര്‍ഗവും കടല്‍ മാര്‍ഗവും ഫലസ്തീനിലേക്ക് മാര്‍ച്ച് ചെയ്യണം. ഗാസ അറബികളുടെ ബഹുമാനത്തിനും ഇസ്‌ലാമിന്റെ ആത്മാവിനും വേണ്ടിയാണ് വിളിക്കുന്നത്. അതിന് വാക്കുകള്‍ മാത്രമല്ല, പ്രവര്‍ത്തനവും ആവശ്യമാണ്. ഇന്നത്തെ നിശബ്ദത നിസ്സഹായതയല്ല, അത് വംശഹത്യയിലെ പങ്കാളിത്തമാണ്. അധിനിവേശത്തിനെതിരെ ജനങ്ങളെ നയിക്കാന്‍ പണ്ഡിതന്‍മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ഗസയ്ക്ക് പിന്തുണ നല്‍കുന്ന അന്‍സാറുല്ലയേയും ഫ്രീഡം ഫ്‌ളോട്ടില്ല, ടുണീഷ്യയില്‍ നിന്നും പുറപ്പെട്ട ഐക്യദാര്‍ഡ്യ വാഹനവ്യൂഹം എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു.