''മസ്ജിദുല്‍ അഖ്‌സ ഇസ്‌ലാമിക ലോകത്തിന്റെ കേന്ദ്രവിഷയമാവണം''- സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി

Update: 2025-08-16 07:26 GMT

സന്‍ആ: മസ്ജിദുല്‍ അഖ്‌സ ഇസ്‌ലാമിക ലോകത്തിന്റെ കേന്ദ്ര വിഷയമായി മാറണമെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. ഇസ്‌ലാമിലെ വിശുദ്ധ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സയെ ജൂതവല്‍ക്കരിക്കാനാണ് സയണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. '' വിശുദ്ധസ്ഥലങ്ങളെ അവഗണിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉമ്മത്ത് തിരിച്ചറിയണം. മുസ്‌ലിം ലോകത്തിന്റെ നയങ്ങളെ സയണിസ്റ്റുകള്‍ സ്വാധീനിക്കുന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം. അതിനാല്‍ തന്നെ മുസ്‌ലിംകളുടെ വിദ്യാഭ്യാസം, ബോധവല്‍ക്കരണം, തുടങ്ങിയവ വഴി തെറ്റിയിരിക്കുന്നു. ഇസ്‌ലാമിക തത്വങ്ങളില്‍ നിന്നും ഉമ്മത്തിനെ വേര്‍പിരിക്കാന്‍ സയണിസ്റ്റുകള്‍ ശ്രമിക്കുന്നു. നിലവിലെ ഔദ്യോഗിക അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ നിലപാടുകള്‍ ഉമ്മത്തിന് വിരുദ്ധമായിരിക്കുന്നത് ഞെട്ടിക്കുന്നതാണ്. ഉമ്മത്തിന്റെ ഉണര്‍വിനെയും അവബോധങ്ങളെയും അവര്‍ ഇല്ലാതാക്കുകയാണ്.... അറബികള്‍ക്ക് മരണം എന്ന മുദ്രാവാക്യം അധിനിവേശ കാലത്ത് തന്നെ സയണിസ്റ്റുകള്‍ മുന്നോട്ടുവച്ചിരുന്നു. അത് സയണിസ്റ്റ് പദ്ധതിയുടെ ആഴം വ്യക്തമാക്കുന്നു. സയണിസ്റ്റ് ശത്രുവിനെ കുറിച്ച് അവരുടെ തന്നെ പങ്കാളികള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നതാണ് ഉമ്മത്തിന്റെ പ്രധാന വെല്ലുവിളി. ഇസ്രായേലിന് മരണം എന്ന മുദ്രാവാക്യം വിളിക്കുന്നത് പോലും ചില അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ കുറ്റകരമാക്കിയിരിക്കുകയാണ്.''-അദ്ദേഹം പറഞ്ഞു.