ഹിന്ദുത്വരുടെ ഭീഷണി തുടരുന്നുവെന്ന് അഖ്‌ലാഖിന്റെ കുടുംബം

Update: 2025-11-20 05:05 GMT

ദാദ്രി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണി തുടരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഹിന്ദുത്വ സംഘം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം. മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയാളികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കുടുംബം ഇക്കാര്യം അറിയിച്ചത്.

വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് 2015 സെപ്റ്റംബര്‍ 28നാണ് ദാദ്രിയിലെ ബിസാദ ഗ്രാമത്തിലെ അമ്പത്തിരണ്ടുകാരനായ അഖ്ലാഖിനെയും മകന്‍ ഡാനിഷിനെയും ഹിന്ദുത്വസംഘം വീട്ടില്‍ നിന്ന് വലിച്ചിഴച്ച് വടികള്‍, ഇരുമ്പ് വടികള്‍, ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അഖ്ലാഖ് മരിച്ചു. അതേസമയം ഡാനിഷിന് ദീര്‍ഘകാല ചികിത്സ നല്‍കേണ്ടിവന്നു. അഖ്ലാഖിന്റെ വീട്ടില്‍ പശുവിന്റെയോ എരുമയുടെയോ മാംസം ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

അഖ്ലാഖിന്റെ ഭാര്യ ഇഖ്റാന്‍ ബീഗം, മകള്‍ ഷൈസ്ത, ഡാനിഷ് എന്നിവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കേസ് പിന്‍വലിക്കണമെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ ഗതിയെക്കുറിച്ച് പണ്ടേ സംശയമുണ്ടായിരുന്നുവെന്ന് ഇഖ്റാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''ഞങ്ങള്‍ നിരന്തരമായ ഭീഷണിയിലാണ് ജീവിക്കുന്നത്, സുരക്ഷയില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന പോലിസ് സുരക്ഷ ഇല്ലാത്തതിനാല്‍ പല അവസരങ്ങളിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. കോടതിയില്‍ മൊഴി നല്‍കാന്‍ പലപ്പോഴും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ചിലര്‍ മനഃപൂര്‍വ്വം ഞങ്ങളുടെ മൊഴികള്‍ വളച്ചൊടിച്ചു,''-അവര്‍ പറഞ്ഞു.

അഖ്ലാഖിന്റെ കൊലപാതകത്തില്‍ ഇഖ്റാന്‍ 10 പേരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഷൈസ്ത ആറ് പേരുകള്‍ മാത്രം പരാമര്‍ശിച്ചതായി സര്‍ക്കാര്‍ ആരോപിക്കുന്നു. ഡാനിഷ് പിന്നീട് മൂന്ന് പേരുകള്‍ കൂടി ചേര്‍ത്തുവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ആക്രമണത്തിന്റെ സാക്ഷികളുമായി സംസാരിച്ചതിന് ശേഷമാണ് മൂന്നുപേരുകള്‍ ചേര്‍ത്തതെന്ന് ഡാനിഷ് പറയുന്നു. ''വടികളും മറ്റ് ആയുധങ്ങളുമായെത്തിയ ആള്‍ക്കൂട്ടം എന്റെ ഭര്‍ത്താവിനെയും മകനെയും വളയുകയും ആക്രമിക്കുകയും ചെയ്തു. എത്രപേര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് അപ്പോള്‍ വ്യക്തമായിരുന്നില്ല.''-ഇഖ്റാന്‍ പറഞ്ഞു.