പിണറായി വിജയന് മറുപടിയുമായി എ കെ ആന്റണി; ശിവഗിരിയിലെ പോലിസ് നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരമെന്ന്

Update: 2025-09-17 12:57 GMT

തിരുവനന്തപുരം: 1995ല്‍ ശിവഗിരിയിലേക്ക് പോലിസിനെ അയച്ചത് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. തിരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരം കൈമാറാന്‍ തോറ്റവര്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയതു പ്രകാരമാണ് പോലിസിനെ അയയ്ക്കേണ്ടിവന്നതെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് ഭരണകാലത്തു ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിനു മറുപടി പറയുകയായിരുന്നു ആന്റണി.

കഴിഞ്ഞ 21 വര്‍ഷമായി തനിക്കെതിരെ എല്‍ഡിഎഫ് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മറുപടി പറയാമെന്നാണു കരുതിയിരുന്നതെന്നും ആന്റണി പറഞ്ഞു. എന്നാല്‍ ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കാന്‍ അതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നു തോന്നി. ഇന്നലെയും എനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായി. എനിക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളില്‍ ഒന്ന് ശിവഗിരിയിലെ പോലിസ് നടപടി സംബന്ധിച്ചാണ്. ചെറുപ്പം മുതല്‍ ഏറ്റവും ആദരിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. ശിവഗിരിയില്‍ പല തവണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.