അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: ദര്‍ഗ കമ്മിറ്റി അപ്പീല്‍ നല്‍കി

Update: 2025-11-04 15:57 GMT

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗയിലെ സ്‌ഫോടനത്തിലെ പ്രതികളായ ഹിന്ദുത്വരെ ഹൈക്കോടതി വെറുതെവിട്ടതിനെതിരേ ദര്‍ഗ കമ്മിറ്റി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവെ, മുകേഷ് വാസ്‌നി, ഹര്‍ഷാദ് എന്ന മുന്ന, അസീമാനന്ദ എന്ന നബാകുമാര്‍, മെഹുല്‍, ഭരത് ഭായ് എന്നിവരെ വെറുതെവിട്ട രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. ഹരജിയില്‍ കുറ്റാരോപിതര്‍ക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു.

2007 ഒക്ടോബര്‍ 11ന് റമദാനിലെ ഇഫ്താറിന് മുമ്പ് അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിഫിന്‍ ബോക്സില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കേസ് അന്വേഷിച്ച രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേന സ്ഫോടനത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയാണ് എന്നാണ് ആരോപിച്ചത്. എന്നാല്‍, അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. 2010ല്‍ സ്വാമി അസീമാനന്ദ് നടത്തിയ കുറ്റസമ്മതത്തോടെയാണ് കേസിന്റെ ഗതി മാറിയത്. സ്ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണ് എന്നാണ് സ്വാമി അസീമാനന്ദ് വെളിപ്പെടുത്തിയത്. അജ്മീര്‍ സ്ഫോടനത്തിന് പുറമെ ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്ഫോടനം, മഹാരാഷ്ട്രയിലെ മലേഗാവ് സ്ഫോടനം, സംജോത എക്സ്പ്രസ് സ്ഫോടനം എന്നിവയുടെ ഉത്തരവാദിത്തവും അസീമാനന്ദ് വെളിപ്പെടുത്തി. ഇതോടെ പ്രതിസ്ഥാനത്ത് നിന്ന് മുസ്ലിം സംഘടനകള്‍ മാറി ഹിന്ദുത്വര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന ദേവേന്ദ്ര ഗുപ്ത, ഭവേഷ് ഭായ് പട്ടേല്‍, സുനില്‍ ജോഷി, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവി, ഹര്‍ഷാദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേശ് വാസ്നി, ഭരത് ഭായ് എന്നിവരെയും പ്രതിചേര്‍ത്തു. കേസില്‍ 2017 മാര്‍ച്ച് 22ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്തയേയും ഭവേഷ് ഭായ് പട്ടേലിനെയും എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുനില്‍ ജോഷി അതിന് മുമ്പ് തന്നെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.