മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാരന് 50,000 രൂപ നല്‍കാന്‍ ഉത്തരവ്
കോട്ടയം : മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍. പരാതിക്കാരനായ പാലാ സ്വദേശിയായ മാത്യൂസ് ജോസഫിനാണ് ഈ തുക നല്‍കേണ്ടത്.
ജോലി സംബന്ധമായ മെഡിക്കല്‍ പരിശോധനക്ക് മാത്യൂസ് ജോസഫ് 2023 ജൂലൈ 23ന് മുംബൈയില്‍നിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30നുള്ള എയര്‍ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാല്‍, വിമാനം റദ്ദാക്കി. ഈ വിവരം എയര്‍ ഇന്ത്യ അധികൃതര്‍ പരാതിക്കാരനെ അറിയിച്ചില്ല. രാത്രി 8:32നുള്ള വിമാനമാണ് പരാതിക്കാരന് ലഭിച്ചത്. അതിന്റെ ഫലമായി മെഡിക്കല്‍ പരിശോധനകളില്‍ പങ്കെടുക്കാന്‍ സാധിച്ചതുമില്ല, കപ്പലില്‍ അനുവദിച്ച ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നുമാണ് കമീഷനു ലഭിച്ച പരാതി.
എയര്‍ ഇന്ത്യയുടെ അശ്രദ്ധ മൂലം പരാതിക്കാരന്‍ നേരിട്ട നഷ്ടത്തെക്കുറിച്ചും അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചും കസ്റ്റമര്‍ കെയര്‍ മെയില്‍ ഐഡി വഴി എയര്‍ലൈനുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്.
വിമാനം റദ്ദാക്കിയതിനെക്കുറിച്ച് പരാതിക്കാരനെ അറിയിച്ചിരുന്നു എന്നു തെളിയിക്കുന്ന ഒന്നും എയര്‍ ഇന്ത്യയ്ക്ക് ഹാജരാക്കാന്‍ സാധിച്ചില്ല. ആദ്യം ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതിനാലും ബദല്‍ വിമാനത്തിന്റെ യാത്ര വൈകിയതിനാലും തൊഴിലുടമ നിര്‍ദ്ദേശിച്ച മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാത്തതിനാലും പരാതിക്കാരന് നഷ്ടം സംഭവിച്ചതായി കമീഷന്‍ കണ്ടെത്തി.
