വഖ്ഫ് നിയമഭേദഗതിക്കെതിരെ മാര്‍ച്ച് 10ന് പാര്‍ലമെന്റ് മാര്‍ച്ച്

Update: 2025-03-02 15:18 GMT

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതിക്കെതിരെ മാര്‍ച്ച് പത്തിന് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് (എഐഎംപിഎല്‍ബി). നിയമഭേദഗതി പാര്‍ലമെന്റ് പരിഗണിക്കുന്ന സമയത്താണ് ജന്ദര്‍മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് എഐഎംപിഎല്‍ബി വക്താവ് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷം മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ദലിത്, ആദിവാസി, ഒബിസി വിഭാഗങ്ങളുടെയും സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

പാര്‍ലമെന്റിലെ പ്രതിഷേധത്തിന് പുറമെ മാര്‍ച്ച് ഏഴിന് ആന്ധ്രപ്രദേശ്, ബിഹാര്‍ നിയമസഭകളുടെ മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും. വഖ്ഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റ് പരിഗണിക്കുമ്പോള്‍ എതിരായ നിലപാട് എടുക്കാന്‍ ചന്ദ്രബാബു നായിഡുവിനെയും നിതീഷ്‌കുമാറിനെയും പ്രചോദിപ്പിക്കാനാണ് ഇത്.

രാജ്യത്ത് സൈന്യവും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമി വഖ്ഫ് ബോര്‍ഡുകളുടെ കൈവശമാണെന്ന വര്‍ഗീയ ശക്തികളുടെ പ്രചരണം മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണെന്നും ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് പറഞ്ഞു. ആന്ധ്രപ്രദേശിലെയും തമിഴ്‌നാട്ടിലെയും ഹിന്ദുസ്ഥാപനങ്ങളുടെ കൈവശമുള്ള സ്വത്ത് മാത്രം രാജ്യത്തെ വഖ്ഫ് സ്വത്തുക്കളെക്കാള്‍ അധികം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.