''വഖ്ഫ് നിയമഭേദഗതി ബില്ല് മുസ്‌ലിംകള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണം; മാര്‍ച്ച് 17ന് പ്രതിഷേധം'': മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് മുസ്‌ലിംകള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ബില്ലിനെതിരെ അഞ്ച് കോടി മുസ്‌ലിംകള്‍ ഇമെയില്‍ അയച്ചിട്ടും മുസ്‌ലിം സംഘടനകള്‍ നിവേദനം നല്‍കിയിട്ടും സര്‍ക്കാര്‍ ബില്ല് കൂടുതല്‍ കടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഏതൊരു നിയമമോ ബില്ലോ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്ന പതിവ് ജനാധിപത്യരാജ്യങ്ങളിലുണ്ട്. പക്ഷേ, ഈ സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ സ്വേച്ഛാധിപത്യ സമീപനമാണ് പിന്തുടര്‍ന്നത്. കര്‍ഷകരുമായി കൂടിയാലോചിക്കാതെ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റില്‍ പാസാക്കി. കര്‍ഷകരുടെ ദീര്‍ഘവും ദൃഢവുമായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ അവ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്.
മുന്‍കാലങ്ങളില്‍, വഖ്ഫ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുമ്പോഴെല്ലാം മുസ്‌ലിം നേതാക്കളുമായും പണ്ഡിതരുമായും കൂടിയാലോചനകള്‍ നടത്തുകയും അവരുടെ ന്യായമായ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഇത്തവണ, ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു കൂടിയാലോചനയും നടന്നില്ല. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബില്ല് കടുത്ത എതിര്‍പ്പ് നേരിട്ടപ്പോള്‍, 31 അംഗ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. എന്നിരുന്നാലും, ഭരണകക്ഷിയുടെ ആധിപത്യമുള്ള ജെപിസി ഉപരിപ്ലവമായ മാറ്റങ്ങള്‍ വരുത്തുകയും ബില്ല് കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ന്യായമായ എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും കമ്മിറ്റി പൂര്‍ണ്ണമായും നിരാകരിച്ചു. കൂടാതെ, കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 44 ഭേദഗതികളും നിരസിക്കപ്പെട്ടു.
ബില്ലിനെതിരെ മുസ്‌ലിം സമൂഹത്തിന്റെ ന്യായമായ എതിര്‍പ്പുകള്‍ അറിയിക്കുന്നതിനായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിപക്ഷ നേതാക്കളുമായും ബിജെപിയുടെ സഖ്യകക്ഷികളുടെ നേതാക്കളുമായും ചര്‍ച്ച നടത്തി. ഈ ശ്രമത്തിന്റെ ഭാഗമായി, ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍ റഹീം മുജാദിദിയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായും കൂടിക്കാഴ്ച്ച നടത്തി. ബില്ലിനെക്കുറിച്ചുള്ള സമുദായത്തിന്റെ ആശങ്കകള്‍ പ്രതിനിധി സംഘം അദ്ദേഹത്തെ അറിയിച്ചു.
അതേസമയം തന്നെ ബില്ലിനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ഇതെല്ലാം ചെയ്തിട്ടും മുസ്‌ലിം സമുദായത്തിന്റെ ന്യായമായ ആശങ്കകളെ സര്‍ക്കാര്‍ അവഗണിച്ചു. വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുക എന്ന അജണ്ടയില്‍ എന്‍ഡിഎ സര്‍ക്കാര്‍ തുടരുകയാണ്. മതേതരത്വത്തിനും നീതിക്കും വേണ്ടി നില്‍ക്കുന്നവരാണെന്ന് അവകാശപ്പെടുന്ന എന്‍ഡിഎ സഖ്യകക്ഷികള്‍ പോലും മുസ്‌ലിം വോട്ടുകള്‍ കിട്ടിയിട്ടും ബിജെപിയുടെ അജണ്ഡയെ പിന്തുണയ്ക്കുന്നത് ഖേദകരമാണ്. വഖ്ഫ് ഭേദഗതി ബില്ലിനെ സമുദായത്തിനെതിരായ നേരിട്ടുള്ള ആക്രമണമായാണ് മുസ്‌ലിംകള്‍ കാണുന്നത്. ബിജെപിയുടെ രാഷ്ട്രീയം വര്‍ഗീയ ധ്രുവീകരണത്തിലും 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന തന്ത്രത്തിലുമാണ് മുന്നേറുന്നത്. ഈ വര്‍ഗീയ വിഭജന അജണ്ഡയുമായി യോജിക്കാന്‍ പറ്റുമോയെന്ന കാര്യം സഖ്യകക്ഷികള്‍ ആലോചിക്കണം.
ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും എല്ലാ മത-സാമുദായിക സംഘടനകളും രാജ്യത്തുടനീളമുള്ള നീതിയെ സ്‌നേഹിക്കുന്ന പൗരന്മാരും ചേര്‍ന്ന് മാര്‍ച്ച് 17ന് ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍ റഹീം മുജാദിദിയും വക്താവ് ഡോ. എസ് ക്യൂ ആര്‍ ഇല്‍യാസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

