
ഗസ സിറ്റി: ഗസയില്‍ തടവിലുള്ള അമേരിക്കന്‍ പൗരത്വമുള്ള ഐഡന്‍ അലക്‌സാണ്ടര്‍ എന്ന ഇസ്രായേലിയെ വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ഇക്കാര്യത്തില്‍ യുഎസ് തങ്ങളോട് ചര്‍ച്ച നടത്തിയെന്നും വിശാലമായ വെടിനിര്‍ത്തല്‍ കരാറിന്റെയും ഗസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നതിന്റെയും പ്രാഥമിക ഘട്ടമെന്ന നിലയില്‍ അതിന് സമ്മതിച്ചെന്നും ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സയിലാണ് സൈനിക താവളത്തില്‍ നിന്ന് ഐഡന്‍ അലക്‌സാണ്ടറെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഗസയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഗസയില്‍ ജീവനോടെ തടവിലുള്ള അവസാന യുഎസ് പൗരനാണ് ഐഡന്‍. മറ്റു നാലു പേര്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ ആഴ്ച്ച പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിനാല്‍, ഗസയില്‍ അതിവേഗം വെടിനിര്‍ത്തല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് മാധ്യമമായ സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന് ഇസ്രായേലില്‍ എത്തുമെന്നാണ് റിപോര്‍ട്ട്.