
ഹാമിര്‍പൂര്‍: ഇസ്രായേലിന്റെ അധിനിവേശം തുടരുന്ന ഗസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിച്ചതില്‍ അന്വേഷണവുമായി യുപി പോലിസ്. ഹാമിര്‍പൂര്‍ ജില്ലയിലെ മൗധ നഗരത്തിലെ മുസ്‌ലിം യുവാക്കളാണ് ഗസാ നിവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്. സഹായം ലഭിച്ച ഗസയിലെ ജനങ്ങള്‍ നന്ദി പറഞ്ഞ് ഒരു വീഡിയോയും പ്രസിദ്ധീകരിച്ചു.
'' ഈ ദുഷ്‌കരമായ സമയങ്ങളില്‍ മൗധയിലെ ജനങ്ങള്‍ നല്‍കിയ സഹായത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്.''-വീഡിയോയില്‍ ഗസയില്‍ നിന്നുള്ള ഒരു സ്ത്രീ പറഞ്ഞു. മൗധ സ്വദേശിയായ അബ്ദുള്‍ ഷാഹിദ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. മുസ്‌ലിം യുവാക്കള്‍ ഫലസ്തീനിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇത് രണ്ടാം തവണയാണെന്നും ഷാഹിദ് പറഞ്ഞു.
ഈ വീഡിയോ വൈറലായതിന് പിന്നാലെ ലഖ്‌നോവില്‍ നിന്നും പ്രത്യേക പോലിസ് സംഘം മൗധയില്‍ എത്തി. സഹായം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഏഴു പേരെ ചോദ്യം ചെയ്തു. തെഹ്‌റീകെ ഇന്‍സാനിയത്ത് ഹിന്ദ് ഫൗണ്ടേഷന്‍ എന്ന സംഘടന വഴി സാമ്പത്തിക സഹായം നല്‍കിയതിനെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചോയെന്ന് അറിയാനാണ് അന്വേഷണമെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. യുവാക്കള്‍ക്ക് ആഗോള പദ്ധതികള്‍ എന്തെങ്കിലും ഉണ്ടോ എന്നും പോലിസ് പരിശോധിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. മാനുഷിക സഹായത്തെ ദുരൂഹമാക്കുന്ന പോലിസ് നടപടിയില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ട്.