അക്ഷര്‍ധാം ആക്രമണക്കേസില്‍ മൂന്ന് പേരെ കുറ്റവിമുക്തരാക്കി അഹമ്മദാബാദ് പോട്ട കോടതി
അഹമ്മദാബാദ്: അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ചെന്ന കേസില്‍ ഗുജറാത്ത് പോലിസ് പ്രതികളാക്കിയ മൂന്നുപേരെ പ്രത്യേക പോട്ട കോടതി വെറുതെവിട്ടു. ആറുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് അബ്ദുല്‍ റാഷിദ് സുലൈമാന്‍ അജ്മീരി, മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ്, മുഹമ്മദ് യാസിന്‍ എന്നിവരെ വിചാരണക്കോടതി വെറുതെവിട്ടത്. ഈ കേസില്‍ പ്രധാന ആരോപണ വിധേയരായിരുന്നവരെ സുപ്രിംകോടതി നേരത്തെ വെറുതെവിട്ടിരുന്നു. കെട്ടിചമച്ച കേസാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രിംകോടതി വിധി. നിലവിലെ മൂന്നു കുറ്റാരോപിതര്‍ക്കെതിരെയും സമാനമായ തെളിവുകളാണ് പോലിസ് കൊണ്ടുവന്നതെന്ന് പോട്ട കോടതി ചൂണ്ടിക്കാട്ടി. വിധിയെ സ്വാഗതം ചെയ്ത ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി, പ്രതികളുടെ മോചനം നീതിയുടെ വിജയമാണെന്ന് വ്യക്തമാക്കി. എന്നാല്‍ നീതി ലഭിക്കാന്‍ ആറു വര്‍ഷമെടുത്തെന്നും ഇത് സങ്കടപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2002 സെപ്തംബര്‍ 24ലെ കേസിന്റെ സമയത്ത് അഹമ്മദാബാദ് സ്വദേശികളായ അബ്ദുല്‍ റഷീദ് സുലൈമാന്‍ അജ്മീരിയും ഹാഫിസ് ഷെയ്ഖും സൗദി അറേബ്യയിലായിരുന്നു. പിന്നീട് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. 2019ല്‍ തിരിച്ചെത്തിയ ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനമായ കുറ്റാരോപണങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് യാസിനും നേരിട്ടത്. 2002 സെപ്തംബര്‍ 24നാണ് ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. 32 പേരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ശിക്ഷിച്ച ആറു പേരെയും 2014 മേയില്‍ സുപ്രിംകോടതി വെറുതെ വിട്ടിരുന്നു.
