ബലി പെരുന്നാളിന് മുമ്പ് കന്നുകാലി ചന്തകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ജൂണ്‍ ഏഴിന് മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കാനിരിക്കെ സംസ്ഥാനത്തെ കന്നുകാലി ചന്തകള്‍ പൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കീഴിലുള്ള പശുസംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. ജൂണ്‍ മൂന്നു മുതല്‍ എട്ടു വരെ സംസ്ഥാനത്തെ എല്ലാ കന്നുകാലി ചന്തകളും നിര്‍ത്താനാണ് ഉത്തരവ്. ഇതോടെ, ആട്, ചെമ്മരിയാട് തുടങ്ങിയവയുടെ വില്‍പ്പനയും വാങ്ങലും മുടങ്ങി. ബലി പെരുന്നാള്‍ സമയത്ത് നിയമവിരുദ്ധമായ കശാപ്പുകള്‍ നടക്കുമെന്നാണ് കമ്മീഷന്‍ ആരോപിക്കുന്നത്.
പശുക്കളെയും കാളകളെയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് മഹാരാഷ്ട്രയിലെ നിയമപ്രകാരം കുറ്റകരമാണ്. പശുമാംസം കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. ബലി പെരുന്നാളിന് പൊതുവില്‍ ബലിയര്‍പ്പിക്കുന്ന ആട്, ചെമ്മരിയാട്, എരുമ തുടങ്ങിയവയുടെ വില്‍പ്പനയും വാങ്ങലും തടഞ്ഞത് ദുരൂഹമാണെന്ന് വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
''ഗോവധം നിരോധിച്ചതിനാല്‍ സര്‍ക്കാരിന് അത് നടപ്പാക്കാം. എന്നാല്‍ മുഴുവന്‍ ചന്തകളും അടച്ചുപൂട്ടുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണ്? ചന്തകള്‍ നടന്നില്ലെങ്കില്‍, ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ നിരോധിതമല്ലാത്ത മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. തല്‍ഫലമായി, കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, െ്രെഡവര്‍മാര്‍, ഖുറേഷി-ഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ വരുമാനം നിലയ്ക്കും''- കമ്മീഷന്റെ സര്‍ക്കുലറിനെതിരേ നാന്ദേഡില്‍ നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന വഞ്ചിത് ബഹുജന്‍ അഗാദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.
എന്നാല്‍, ഇത് കേവലം നിര്‍ദേശം മാത്രമാണെന്നും നിര്‍ബന്ധിത ഉത്തരവല്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ശേഖര്‍ മുണ്ടാദെ അവകാശപ്പെട്ടു. '' ബക്രീദിന് മുമ്പുള്ള ദിവസങ്ങളിലെ കന്നുകാലി വില്‍പ്പനകള്‍ ബലിയര്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെയുള്ളതാണ്. അത് തടയാന്‍ മാത്രമാണ് ഉദ്ദേശിച്ചത്.''-അദ്ദേഹം മനസിലിരുപ്പ് വെളിപ്പെടുത്തി.
അതേസമയം, ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഹിന്ദുമതപരമായ റൂട്ടുകളില്‍ മാംസ വില്‍പ്പന നിരോധിക്കാന്‍ തീരുമാനിച്ചതായി മേയര്‍ ഗിരീഷ് ത്രിപദി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രദേശത്തെ എല്ലാ മാംസ വില്‍പ്പന കടകള്‍ക്കും നോട്ടീസ് നല്‍കി. ഏഴു ദിവസത്തിനുള്ളില്‍ കടകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം. മൊത്തം 22 കടകള്‍ പൂട്ടി സ്ഥലം വിടാനാണ് നിര്‍ദേശം.
തെക്കേ ഇന്ത്യയിലെ തെലങ്കാനയിലെ ഹൈദരാബാദില്‍ ഹിന്ദുത്വര്‍ കന്നുകാലി കച്ചവടക്കാരെ മര്‍ദ്ദിക്കുകയുമുണ്ടായി. രാമചന്ദ്രപുരം, ശാദ്‌നഗര്‍, ഇബ്രാഹിം പട്ടണം എന്നിവിടങ്ങളാണ് ഹിന്ദുത്വര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. കന്നുകാലികളെ ബലിയര്‍പ്പിക്കുന്നവര്‍ക്കെതിരെ 'ധര്‍മം' നടപ്പാക്കണമെന്ന് ബിജെപി എംഎല്‍എ ടി രാജാ സിങ് ആവശ്യപ്പെട്ടു.

