ഇറാനെ ആക്രമിച്ചാല്‍ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-4 മറുപടി നല്‍കും: സ്പീക്കര്‍
തെഹ്‌റാന്‍: ഇറാനെ ഇസ്രായേല്‍ ആക്രമിച്ചാല്‍ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-4 മറുപടി നല്‍കുമെന്ന് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്. ജൂണിലെ ആക്രമണത്തില്‍ ഇറാന്റെ 50 ശതമാനം മിസൈല്‍ ശേഷി നശിപ്പിച്ചെന്ന ഇസ്രായേലിന്റെ പ്രചാരണം ശുദ്ധനുണയാണെന്നും ഗാലിബാഫ് പറഞ്ഞു. പ്രതിരോധ ആഴ്ചയുടെ ഭാഗമായി അഫ്താബ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലബ്‌നാനിലെ പേജര്‍ ആക്രമണം പോലെ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ശത്രു ശ്രമിക്കുന്നുണ്ടായിരുന്നു. അധിനിവേശ ഫലസ്തീനിലെ ബീര്‍ അല്‍ സബെ പ്രദേശത്തെ ഞങ്ങളുടെ മിസൈല്‍ ആക്രമണം ആ പദ്ധതി തകര്‍ത്തു. പദ്ധതി ആസൂത്രണം ചെയ്തിരുന്ന ബീര്‍ അല്‍ സബെയിലെ സൈനിക സാങ്കേതിക കേന്ദ്രം തകര്‍ന്ന് മണ്ണടിഞ്ഞു.
ഇസ്രായേലി ആക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3 ഇറാന്റെ മിസൈലുകളുടെ ശേഷിയും കൃത്യതയും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ അവര്‍ക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ ട്രൂപ്രോമിസ്-4 ആയിരിക്കും മറുപടി. ഇസ്രായേലി ആക്രമണത്തില്‍ ലബ്‌നാനിലെ ഹിസ്ബുല്ല തകര്‍ന്നെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസപരമായും ധാര്‍മികപരമായും കഴിവുപരമായും വിഭവപരമായും ഹിസ്ബുല്ല ശക്തരാണ്. നിരന്തര ആക്രമണങ്ങളും പേജര്‍ ആക്രമണവും കൊലപാതകങ്ങളും അവരുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ തെഹ്‌റാനില്‍ വ്യോമാക്രമണം നടത്തി കൊലപ്പെടുത്തിയപ്പോഴാണ് ഇറാന്‍ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-2 നടത്തിയത്. 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലില്‍ എത്തിയത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ എംബസി ഇസ്രായേല്‍ ആക്രമിച്ചപ്പോഴായിരുന്നു ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-1 നടത്തിയത്. 120 ബാലിസ്റ്റിക് മിസൈലുകളും 30 ക്രൂയിസ് മിസൈലുകളും 170 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഗോലാന്‍ കുന്നുകളിലെ ഇസ്രായേലി അധിനിവേശ പ്രദേശങ്ങളെ ആക്രമിച്ചത്.
