ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്ക് നേരെ ഹിന്ദുത്വ ആക്രമണം; പ്രതികളെ തേടി ബറെയ്‌ലി പോലിസ് (VIDEO)

Update: 2025-12-28 12:09 GMT

ബറെയ്‌ലി: നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ജന്മദിന പാര്‍ട്ടിക്ക് നേരെ ഹിന്ദുത്വ ആക്രമണം. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലെ പ്രേംനഗര്‍ പ്രദേശത്ത് കഫെയില്‍ ഡിസംബര്‍ 27നാണ് സംഭവം. ജയ് ശ്രീരാം അടക്കമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഹിന്ദുത്വ സംഘം കഫെയില്‍ എത്തി ആക്രമണം അഴിച്ചുവിട്ടത്. സ്ഥലത്ത് എത്തിയ പോലിസ് പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് മുസ്‌ലിംകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാത്രമാണ് അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായത്.

'ലവ് ജിഹാദ്' ആരോപിച്ചാണ് അക്രമി സംഘം എത്തിയതെന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി പറഞ്ഞു. '' അവര്‍ പാര്‍ട്ടിയില്‍ അതിക്രമിച്ചു കയറി. ഞങ്ങള്‍ക്കെതിരേ ലവ് ജിഹാദ് ആരോപിച്ചു. രണ്ടു മുസ്‌ലിംകള്‍ ഒഴികെ ബാക്കിയെല്ലാവരും ഹിന്ദുക്കളായിരുന്നു.''-വിദ്യാര്‍ഥിനി പറഞ്ഞു.

തങ്ങളുടെ അംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് ബറെയ്‌ലിയിലെ ബജ്‌റങ് ദള്‍ നേതാവും പശു വിഭാഗം നേതാവുമായ ആശിഷ് ശര്‍മ പറഞ്ഞു. '' ഹിന്ദു പെണ്‍കുട്ടിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ 10-12 മുസ്‌ലിംകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഹിന്ദു പെണ്‍കുട്ടിയെ ആക്രമിച്ചിട്ടില്ല. മുസ് ലിംകള്‍ക്ക് രണ്ടോ മൂന്നോ അടി കൊടുത്തു.''-ശര്‍മ പറഞ്ഞു.